ന്യൂദൽഹി : ഫെംഗൽ ചുഴലിക്കാറ്റ് ബാധിച്ച ആളുകളെ സഹായിക്കുന്നതിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്‌ഡിആർഎഫ്) നിന്ന് കേന്ദ്ര വിഹിതമായി തമിഴ്‌നാടിന് 944.80 കോടി അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) അനുമതി നൽകി. മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. നവംബർ 30ന് തമിഴ്നാട്ടിൽ ഫെംഗൽ ചുഴലിക്കാറ്റ് വീശിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി പ്രകൃതിക്ഷോഭം നേരിടുന്ന സംസ്ഥാനങ്ങൾക്കൊപ്പം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് തോളോട് തോൾ ചേർന്ന് നിൽക്കുമെന്നും മന്ത്രാലയം അറിയിച്ചു. തമിഴ്‌നാടിനെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെയും ബാധിച്ച ഫെംഗൽ ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ഇൻ്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമിനെ മന്ത്രാലയം നേരത്തെ അയച്ചിരുന്നു.
ഈ സംഘത്തിന്റെ വിലയിരുത്തൽ റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം നടപടിക്രമം അനുസരിച്ച് ദുരന്ത ബാധിത സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള അധിക സാമ്പത്തിക സഹായം അനുവദിക്കുമെന്നും മന്ത്രാലയം പറഞ്ഞു. അതേ സമയം ഈ വർഷം 28 സംസ്ഥാനങ്ങളിലേക്ക് 21,718.716 കോടി രൂപ ഇതിനകം ദുരന്ത നിവാരണ ഫണ്ടായി അനുവദിച്ചിട്ടുണ്ട്.
സാമ്പത്തിക സഹായത്തിന് പുറമേ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ബാധിച്ച എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ എൻഡിആർഎഫ് ടീമുകൾ, ആർമി ടീമുകൾ, വ്യോമസേനയുടെ പിന്തുണ എന്നിവ ഉൾപ്പെടെ എല്ലാ ലോജിസ്റ്റിക് സഹായങ്ങളും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: