കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് പുതിയ പ്രസിഡന്റ് ആയതിനെ തുടര്‍ന്ന് രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു. കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു മരിച്ച കേസിലെ പ്രതി, മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഇടം പിടിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്ന രത്നകുമാരിയാണ് ദിവ്യക്കു പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്ന എന്‍.വി. ശ്രീജനി രത്നകുമാരിക്ക് പകരം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയപേഴ്സണാകുന്നതിന് രാജിവച്ച ഒഴിവിലേക്കാണ് പി.പി. ദിവ്യയെ ഉള്‍പ്പെടുത്തിയത്. ഇതിനുള്ള അപേക്ഷ നല്കാന് ഏറെ നാളുകള്‍ക്ക് ശേഷം പി.പി. ദിവ്യ ഇന്നലെ ജില്ലാ പഞ്ചായത്തിലെത്തിയിരുന്നു. എഡിഎം പത്മചന്ദ്രക്കുറുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. ഈ മാസം 11ന് സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും
ദിവ്യയെ പാര്‍ട്ടി കൈവിടുന്നില്ലെന്നതിന്റെ സൂചനയാണിത്. ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും സിപിഎം നീക്കിയിരുന്നു. എന്നാല്‍ കല്ല്യാശേരി ഡിവിഷന് അംഗമായ ദിവ്യ ജില്ലാ പഞ്ചായത്ത് അംഗമായി തുടരുകയായിരുന്നു.
നവീന്‍ ബാബു മരിച്ച കേസിലെ ദുരൂഹത സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാരും പാര്‍ട്ടിയും കേസിലെ പ്രതിയായ ദിവ്യയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനായി നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമെന്ന പദവിയിലേക്കുളള നിയമനമെന്നാണ് സൂചന.
പാര്‍ട്ടി ജില്ലാ നേതൃത്വത്തിലെ ചില നേതാക്കള്‍ ദിവ്യക്ക് പൂര്‍ണപിന്തുണയാണ് രഹസ്യമായി നല്കിക്കൊണ്ടിരിക്കുന്നവെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് സിപഎമ്മിന്റെ പുതിയ നീക്കം. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ദിവ്യയെ ജയില്‍ മോചിതയായപ്പോള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ പ്രമുഖ നേതാക്കളുമെത്തിയിരുന്നു. ഇത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: