അധികാര ശ്രേണിയില്‍ മാര്‍പ്പാപ്പയുടെ തൊട്ടു താഴെയാണ് കര്‍ദ്ദിനാള്‍. കത്തോലിക്ക സഭയിലെ രാജകുമാരന്മാര്‍. മാര്‍പ്പാപ്പ സ്ഥാനം ഒഴിവുവരുമ്പോള്‍ 80 വയസു തികയാത്ത കര്‍ദ്ദിനാള്‍മാര്‍ ചേര്‍ന്നാണു പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നത്. പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പയെ തന്റെ ദൗത്യത്തില്‍ സഹായിക്കുക എന്നതാണു കര്‍ദ്ദിനാളുമാരുടെ പ്രധാന കര്‍ത്തവ്യം. ആഗോളസഭയില്‍ ആകെ 232 കര്‍ദ്ദിനാള്‍മാര്‍. ഭാരതത്തില്‍ നിന്ന് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍. ആറാമനായി ഒരാള്‍ കൂടി കര്‍ദ്ദിനാളാകുന്നു. മലയാളിയായ ജോര്‍ജ് ജേക്കബ് കൂവക്കാട്. ചങ്ങനാശ്ശേരി അതിരൂപതാംഗമായ കൂവക്കാടിന്റെ നിയമനത്തില്‍ മറ്റൊരു പ്രത്യേകതയുണ്ട്.
മെത്രാനാകാതെ നേരിട്ട് കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്ന ആദ്യ ഭാരതീയന്‍. വത്തിക്കാനില്‍ നിരവധി പദവികള്‍ വഹിച്ച ഇദ്ദേഹം ഇപ്പോള്‍ മാര്‍പ്പാപ്പയുടെ യാത്രാ ചുമതലകളുളള സ്റ്റേറ്റ് സെക്രട്ടറിയാണ്. 51 വയസ്സെന്ന ‘ചെറുപ്രായ’ത്തിലാണ് കര്‍ദിനാള്‍ പദവിയിലെത്തുന്നത്. സിറോ മലബാര്‍ സഭയ്‌ക്ക് മാത്രമല്ല മലയാളികള്‍ക്കും അഭിമാനിക്കാവുന്ന പദവിയിലേക്കാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. വത്തിക്കാനില്‍ വച്ച് ജോര്‍ജ് ജേക്കബ് കൂവക്കാട് ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്റെ നേതൃത്വത്തില്‍ ഭാരതത്തില്‍ നിന്ന് ഔദ്യോഗിക സംഘം പങ്കെടുക്കുന്നു എന്നതും അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
സ്ഥാനാരോഹണ ചടങ്ങിന്റെ തിരക്കിനിടയിലും ലോകമതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയ ശിവഗിരി മഠത്തിലെ സംന്യാസിമാര്‍ക്കും പ്രതിനിധികള്‍ക്കും സൗകര്യമൊരുക്കാന്‍ ഓടിനടന്ന കര്‍ദ്ദിനാള്‍ കൂവക്കാട് ജന്മഭൂമിയോട് സംസാരിക്കുന്നു.
പ്രായം കുറഞ്ഞ കര്‍ദിനാള്‍, നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യ ഭാരതീയ വൈദികന്‍. നിയമനം പ്രതീക്ഷിച്ചിരുന്നോ?
സ്പെയിനില്‍ പളളിയില്‍ ഞായര്‍ കുര്‍ബാന കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് കര്‍ദിനാള്‍ നിയമനവാര്‍ത്ത അറിയുന്നത്. അപ്രതീക്ഷിതവും അവിശ്വസനീയവും. രണ്ടുദിവസം മുന്‍പു കണ്ടപ്പോള്‍പോലും ഒരു സൂചനയും തന്നില്ല. പ്രഖ്യാപനശേഷം കണ്ടപ്പോള്‍ ഭാരതത്തെക്കുറിച്ചും സിറോ മലബാര്‍ സഭയെക്കുറിച്ചുമെല്ലാം ഫ്രാന്‍സിസ് പാപ്പ സംസാരിച്ചു. എളിമയോടെ ഈ ശുശ്രൂഷ തുടരണമെന്നും പറഞ്ഞു. ഇത് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ക്കാണ് വഴി തുറക്കുന്നത്. ദരിദ്രരോടുള്ള സ്നേഹവും സഹായവുമാണ് എന്റെ വൈദികവിളിയുടെ പ്രേരണ. ‘ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സുഗന്ധം പകരുക, അതു വഴി ലോകം വിശ്വസിക്കട്ടെ,’ എന്ന പൗലോസ് അപ്പോസ്തലന്റെ വചനങ്ങളാണ് മുന്നോട്ടു നയിക്കുന്നത്.
മാര്‍പാപ്പയുടെ യാത്രകളുടെ മേല്‍നോട്ടം വഹിക്കുന്ന സെക്രട്ടറി പദവിയില്‍ നിന്നാണല്ലോ പുതിയ ഉത്തരവാദിത്തം. എന്താണ് പാപ്പായുടെ വിദേശയാത്രകളുടെ ഒരുക്കങ്ങള്‍. ഒപ്പമുള്ള യാത്രകള്‍ എങ്ങനെയുള്ള അനുഭവമായിരുന്നു?
ഔദ്യോഗികമായി ക്ഷണിക്കുന്ന രാജ്യത്തിലേക്കാണ് സന്ദര്‍ശനം. ക്ഷണം സ്വീകരിച്ചാല്‍ ഉടന്‍ അതതു സര്‍ക്കാരുകളെയും പ്രാദേശിക സഭയെയും അറിയിക്കും. ഒരുക്കങ്ങള്‍ക്കായി ആ രാജ്യത്തേക്കു രണ്ടുപ്രാവശ്യം ഞാന്‍ പോകും. ഭക്ഷണം, വാഹനം, താമസം എല്ലാം വ്യവസ്ഥ ചെയ്യും. മൂന്നാം തവണ മാര്‍പാപ്പയ്‌ക്കൊപ്പമാകും യാത്ര. സംഘത്തില്‍ കര്‍ദിനാള്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 4050 പേര്‍ കാണും. പാപ്പായുടെ യാത്രകള്‍ പ്രിയങ്കരമായ അനുഭവമായിരുന്നു. ഓരോ യാത്രയ്‌ക്കും പ്രത്യേകതകളുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ ദയയും സ്നേഹവും എപ്പോഴും സാധാരണ ജനങ്ങളിലേക്ക് ഒഴുകുന്നത് മനസ്സിലാക്കാനാകും. എത്ര ആള്‍ക്കൂട്ടത്തിനിടയിലും അദ്ദേഹം വൈകല്യമുള്ളവരെയും കുഞ്ഞുങ്ങളെയുമെല്ലാം കാണുകയും അവരോടു സംസാരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. യാത്രാവേളയില്‍ ഒപ്പമുള്ളവരോടു ഭക്ഷണം കഴിച്ചോ, വിശ്രമിച്ചോ എന്നെല്ലാം ചോദിക്കാന്‍ പാപ്പ മനസ്സുകാണിക്കും.
വത്തിക്കാനിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ക്ഷണിച്ചല്ലോ? ഭാരതത്തിലേ്ക്കുള്ള സന്ദര്‍ശനം അടുത്ത വര്‍ഷം കാണുമോ?
ഭാരതസന്ദര്‍ശനത്തിന് സാധ്യതയുണ്ട്. എന്നാണെന്നറിയില്ല. യേശു ജനിച്ചതിന്റെ ഒരോ 25-ാം വര്‍ഷവും ജൂബിലി വര്‍ഷമായിട്ടാണ് ആഘോഷിക്കുന്നത്. 2025 ജൂബിലി വര്‍ഷമായതിനാല്‍ റോമില്‍ പ്രത്യേകമായി ധാരാളം പരിപാടികളുണ്ട്. മാര്‍പാപ്പ മുഴുവന്‍ സമയവും റോമില്‍ത്തന്നെ ആകാനാണ് സാധ്യത. മാര്‍പ്പാപ്പയ്‌ക്ക് ഭാരതം സന്ദര്‍ശിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. 10- 12 ദിവസത്തെ സന്ദര്‍ശനമെങ്കിലും വേണ്ടിവരും. അതിനുള്ള തീയതി കണ്ടെത്തണം.
ഭാരതീയ സഭകള്‍ ആഗോള സഭയ്‌ക്ക് എന്ത് സംഭാവനകളാണ് നല്‍കുന്നത്?
ഭാരതം ലോകത്തിന് ധാരാളം കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുണ്ട്. രാജ്യത്തിന്റെ സഹിഷ്ണുതയുടെ പാരമ്പര്യം ചരിത്രപരമായി ലോകത്തിന് ഒരു മാതൃകയാണ്. കൂടാതെ, ഭാരതീയ സംസ്‌കാരം അടിസ്ഥാനപരമായി ആത്മീയമാണ്. പരസ്പര ബഹുമാനവും ധീരമായ സംവാദവും ഉള്ളിടത്തോളം കാലം എല്ലാ ജീവിത മേഖലകളിലും സമാധാനം സാധ്യമാണ് എന്ന ബോധ്യം നല്‍കുന്നതുമാണ്. വ്യത്യസ്ത സമൂഹങ്ങള്‍ തമ്മിലുള്ള ഹൃദയബന്ധം നിര്‍മിക്കാന്‍ ഭാരത സഭയ്‌ക്ക് വലിയ പങ്കുണ്ട്. ഇന്നത്തെ ലോകത്തില്‍ സൗഹൃദവും സംവാദവും വളര്‍ത്തുന്ന സംസ്‌കാരമാണ് സമാധാനത്തിനായുള്ള മാര്‍ഗം. ഞാന്‍ ഭാരതീയനാണ്. ഭാരതീയന്‍ എന്ന നിലയില്‍ ലഭിച്ച മൂല്യങ്ങള്‍ കൂടുതല്‍ മേഖലയില്‍ എടുത്തു വയ്‌ക്കാനുള്ള അവസരമാണ് പുതിയ സ്ഥാനം. ശുശ്രൂഷ ചെയ്യുന്നിടത്തൊക്കെ ഭാരതത്തിന്റെ മൂല്യങ്ങളുടെ കൂടുതല്‍ സാന്നിധ്യം കൊടുക്കാനാകും.
സമാധാനത്തിനായുള്ള മാര്‍ഗത്തെക്കുറിച്ച് പറയുമ്പോഴൂം ലോകം യുദ്ധത്തിലാണല്ലോ?
യുദ്ധം എന്നും വേദനയാണ് . യുദ്ധം കൊണ്ട് ആരും ഒന്നും നേടിയിട്ടില്ല. യുദ്ധത്തെ, പ്രത്യേകിച്ച് അതിന്റെ പേരില്‍ നടക്കുന്ന ആയുധ വ്യാപാരത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിശിതമായി വിമര്‍ശിക്കുന്നു. ചരിത്രത്തില്‍ എല്ലാ യുദ്ധങ്ങളും അവസാനം സമാധാനത്തിന്റെ വഴിയിലേയ്‌ക്കാണ് എത്തിയത്. യുദ്ധമില്ലാതെ സമാധാനം ഉണ്ടാകണം. വലിയ യുദ്ധങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ ചെറിയ യുദ്ധങ്ങളും എല്ലാം പരസ്പരം പറഞ്ഞ് അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഏറ്റവും ആവശ്യം.
കര്‍ദിനാള്‍ എന്ന നിലയില്‍ ആദ്യ ക്രിസ്തുമസാണ് വരുന്നത്. സഭാ വിശ്വാസികളോട് എന്താണ് പ്രത്യേകമായി പറയാനുള്ളത്?
ക്രിസ്തുമസ് വിനയത്തിന്റെ വലിയ ആഘോഷമാണ്. സ്വയം കൊടുക്കാനുള്ള വലിയ സന്ദേശമാണ് ക്രിസ്തുമസ്. നമുക്കുള്ളതെല്ലാം ദൈവത്തില്‍നിന്നു ദാനമായി ലഭിച്ചിട്ടുള്ളതാണ്. എല്ലാം നമ്മള്‍ സ്വന്തമായി നേടിയതാണെന്നു കരുതി ജീവിക്കാതിരിക്കുക. മറ്റുള്ളവര്‍ക്കു കൂടി ഉദാരമായി പങ്കിട്ടുനല്‍കുക. വരും തലമുറയ്‌ക്കു കൂടി സമ്പാദിക്കണമെന്നു വിചാരിക്കാതെ അവശര്‍ക്കും അശരണര്‍ക്കും കരുതലോടെ നല്‍കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരിലും ദൈവത്തിന്റെ സാന്നിധ്യം കാണാനുള്ള തലത്തിലേക്ക് വിശ്വാസം വളരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: