ന്യൂദല്‍ഹി: സിറിയയിലുള്ള ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. നിലവിലുള്ള വിമത ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്നും ലഭിക്കുന്ന വിമാനത്തില്‍ എത്രയും പെട്ടെന്ന് തിരിച്ചെത്താനും ഇന്ത്യ പൗരന്മാരോട് അഭ്യർഥിച്ചു.
സിറിയയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രാ ഉപദേശവും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. സിറിയയില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ അവരുടെ സുരക്ഷയെക്കുറിച്ച് പരമാവധി മുൻകരുതൽ എടുക്കാനും ചലനങ്ങൾ പരമാവധി പരിമിതപ്പെടുത്താനും നിര്‍ദേശിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വിവിധ യുഎൻ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90 ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പൗരന്മാരുടെ സുരക്ഷയ്‌ക്കു വേണ്ടി അടുത്ത ബന്ധം പുലർത്തിവരുന്നതായും ജയ്‌സ്വാൾ പറഞ്ഞു.
നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി അടുത്ത ബന്ധം നിലനിർത്താൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. +963 993385973 എന്ന നമ്പറിൽ എമർജൻസി ഹെൽപ്പ്‌ലൈൻ മുഖേന എംബസിയെ ബന്ധപ്പെടാം , വാട്ട്‌സ്ആപ്പിലും ലഭ്യമാണ്, കൂടാതെ അപ്‌ഡേറ്റുകൾക്കായി [email protected] എന്ന ഇ-മെയിലിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: