റോഡ് വികസനത്തില്‍ ഭാരതം ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ഗതാഗത ശൃംഖല എന്ന പെരുമയിലേക്കാണ് ഭാരതത്തിന്റെ മുന്നേറ്റം. രാജ്യത്തെ എല്ലാ മേഖലകളിലെയും റോഡ് വികസനത്തിനൊപ്പം കേരളത്തിലും കേന്ദ്രസര്‍ക്കാര്‍ വന്‍ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു മുമ്പ്, വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ദേശീയപാതാ പദ്ധതികളെല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. മെച്ചപ്പെട്ട റോഡ് ഗതാഗത സംവിധാനം കേരളത്തില്‍ രൂപപ്പെട്ടത് മലയാളികള്‍ക്കാകെ ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. കേരളത്തിലേക്ക് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളില്‍ 12 പദ്ധതികള്‍ പൂര്‍ത്തിയായതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത് ശ്രദ്ധേയമാണ്. കേരളത്തില്‍ 7371.52 കോടി രൂപയുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്. ബാക്കിയുള്ള 28 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്തിന് നടപ്പുസാമ്പത്തികവര്‍ഷത്തില്‍ 2100 കോടി രൂപയാണ് അനുവദിച്ചത്. ദേശീയപാതാ 66ന്റെ ഭാഗമായി രാമനാട്ടുകര മുതല്‍ വളാഞ്ചേരിവരെയും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുമുള്ള ജോലികള്‍ അടുത്ത മാര്‍ച്ച് 30ന് പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
വസ്തുതകളിങ്ങനെയാണെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ റോഡ് നിര്‍മ്മാണത്തില്‍ വേണ്ടത്ര വേഗതയുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മെല്ലപ്പോക്കും ഭൂമി ഏറ്റെടുത്തു നല്‍കുന്നതില്‍ അനുഭവപ്പെടുന്ന കാലതാമസവുമാണതിനുകാരണം. ഭൂമി ഏറ്റെടുക്കുന്നതിന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വലിയ തുക ചെലവഴിക്കേണ്ടിവരുന്നതും പ്രതിസന്ധിയാണ്. ഒരു കിലോമീറ്റര്‍ ദേശീയപാത പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ 95 കോടി വരുന്നുണ്ട്. ഒരു കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കാന്‍ മാത്രം 50 കോടിയാണ് വേണ്ടത്. സിമന്റിന്റെയും സ്റ്റീലിന്റെയും 18 ശതമാനം ജിഎസ്ടിയില്‍ സംസ്ഥാന വിഹിതമായ ഒന്‍പതു ശതമാനം
ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. മണലിന്റെയും മറ്റുമുള്ള റോയല്‍റ്റിയും കേരളം ഒഴിവാക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. നിര്‍മാണ സാമഗ്രികള്‍ക്ക് സംസ്ഥാനം ജിഎസ്ടി ഒഴിവാക്കിയാല്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാന്‍ അധികമായി വരുന്ന തുക കേരളം നല്കാമെന്നായിരുന്നു ധാരണ. പക്ഷേ ഇതുവരെ കേരളം കൈമാറിയത് ആകെ 5000 കോടി മാത്രം. എന്നാല്‍ പദ്ധതികള്‍ക്കു ഭൂമി വിലയിനത്തില്‍ അതിന്റെ പതിന്മടങ്ങ് ചെലവുവന്നതോടെയാണ് ജിഎസ്ടി ഒഴിവാക്കണമെന്ന നിര്‍ദേശം ഗഡ്കരി മുന്നോട്ടുവച്ചത്.
കേന്ദ്രം ഉദാരസമീപനം സ്വീകരിക്കുന്നതിനാല്‍ ഇതു സംബന്ധിച്ചെല്ലാം കേരളവുമായി ധാരണയായിട്ടുണ്ടെന്നത് സന്തോഷപ്രദമാണ്. കേരളത്തിലെ ദേശീയപാതാ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും എത്ര ലക്ഷം കോടി രൂപ വേണമെങ്കിലും ചെലവഴിക്കാമെന്നും മന്ത്രി ഗഡ്കരി ലോക്സഭയില്‍ ആവര്‍ത്തിച്ചുറപ്പു നല്‍കിയതും സന്തോഷം നല്‍കുന്നു. കേരളം നല്കിയ 5,000 കോടിക്കു പുറമേ പുതിയ പദ്ധതികള്‍ക്കു തുക കൊടുക്കാനാകില്ലെന്ന് സംസ്ഥാനം അറിയിച്ച സാഹചര്യത്തിലാണ് റോയല്‍റ്റിയും ജിഎസ്ടിയും ഒഴിവാക്കിയുള്ള ഒത്തുതീര്‍പ്പിലെത്തിയത്. ആ നിലയില്‍ തുടര്‍ന്നുള്ള പദ്ധതികളിലും സഹകരണമുണ്ടാകും. കാര്യങ്ങളുടെ നിജസ്ഥിതി ഇതാണെങ്കിലും കേരളത്തിലെ ദേശീയപാതാ വികസനത്തിന്റെ ബഹുമതി തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇടതുമുന്നണി സര്‍ക്കാരിലെ ചില മന്ത്രിമാരും സിപിഎം നേതാക്കളും ശ്രമിക്കുന്നത്. വസ്തുതകളെല്ലാം മറച്ചുപിടിച്ചാണീ അവകാശവാദം. ഏറെ പ്രതിബദ്ധതയോടെയും ഉദാരതയോടെയും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോട് നിലപാട് സ്വീകരിക്കുമ്പോള്‍ തരംതാണ പ്രചരണ പരിപാടികളില്‍ നിന്ന് പിന്മാറി അവസരം പ്രയോജനപ്പെടുത്താനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ വികസനത്തില്‍ രാഷ്‌ട്രീയം കലര്‍ത്തുന്നില്ല. കേരളത്തിന്റെ വിശാലമായ വികസന താല്പര്യം കണക്കിലെടുത്ത് അത്തരത്തിലൊരു സമീനമാണ് കേരളവും സ്വീകരിക്കേണ്ടത്. അല്ലങ്കില്‍ മറ്റു സംസ്ഥാനങ്ങള്‍ എക്‌സ്പ്രസ് വേഗതയില്‍ മുന്നോട്ടു കുതിക്കുമ്പോള്‍ നമ്മള്‍ ഗട്ടര്‍ റോഡിലൂടെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കും. ആ ദുരന്താവസ്ഥ സൃഷ്ടിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: