അഡ്‌ലെയ്ഡ്: പിങ്ക് ടെസ്റ്റിലും ഭാരതത്തിന് തുടക്കത്തിലേ ബാറ്റിങ്ങില്‍ തിരിച്ചടി. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഭാരതം 180 റണ്‍സില്‍ പുറത്തായി. പകരം ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ കരുതലോടെ ആദ്യദിനം പൂര്‍ത്തിയാക്കി. മത്സരം രണ്ടാം ദിനത്തിലേക്ക് പിരിയുമ്പോള്‍ ഓസീസ് 33 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്.
ആദ്യ സ്‌പെല്ലില്‍ തന്നെ ഭാരത പേസ് ബൗളര്‍ ജസ്പ്രീത് ബുംറ അപകടകാരിയായ ഉസ്മാന്‍ ഖവാജയെ പുറത്താക്കി മികച്ച തുടക്കമേകി. ആതിഥേയ സ്‌കോര്‍ 11-ാം ഓവര്‍ പൂ
ര്‍ത്തിയാകുമ്പോഴാണ് ഖവാജയെ(13) ബുംറ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചത്. പിന്നീട് മൂന്നാം സെക്ഷന്‍ പൂര്‍ത്തിയാകുവോളം ബാറ്റ് ചെയ്ത ഓപ്പണര്‍ നഥാന്‍ മക്‌സ്വീനിയും(പുറത്താകാതെ 38) മാര്‍നസ് ലഭൂഷെയ്‌നും(പുറത്താകാതെ 20) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ആതിഥേയ ഇന്നിങ്‌സിലേക്ക് 62 റണ്‍സ് കൂട്ടിചേര്‍ത്തു.
11 ഓവര്‍ എറിഞ്ഞ ബുംറ 13 റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. നാല് ഓവറുകള്‍ മെയ്ഡനാക്കി. പേസര്‍മാരായ മുഹമ്മദ് സിറാജ്(10-3-29-0), ഹര്‍ഷിത് റാണ(8-2-18-0) എന്നിവരും മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേട്ടത്തിന് സാധിച്ചിട്ടില്ല. ആദ്യ ടെസ്റ്റില്‍ പുറത്തിരുന്ന ആര്‍. അശ്വിന്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടു. ഒരോവര്‍ എറിഞ്ഞു. അത് മെയ്ഡനാക്കി.
ആദ്യ ടെസ്റ്റില്‍ കളിച്ച ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കിയാണ് അശ്വിന് അവസരം നല്‍കിയത്. ആദ്യ മത്സരത്തിലുണ്ടായിരുന്ന മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരായ ധ്രൂവ് ജുറെലിനോയും ദേവദത്ത് പടിക്കലിനെയും ഒഴിവാക്കിയാണ് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടത്. തലേന്ന് പ്രഖ്യാപിച്ചത് പോലെ മിഡില്‍ ഓര്‍ഡറില്‍ ആറാം നമ്പര്‍ പൊസിഷനിലാണ് രോഹിത് ബാറ്റ് ചെയ്യാനിറങ്ങിയത്. യശസ്വി ജയ്‌സ്വാളിനൊപ്പം കെ.എല്‍. രാഹുല്‍ ഇന്നിങ്‌സ് തുറന്നു.
ഓസീസ് പേസര്‍മാര്‍ക്ക് മുന്നില്‍ ഭാരതം തകര്‍ച്ച നേരിടുമ്പോഴും രാഹുല്‍ തന്റെ ദൗത്യത്തോട് നന്നായി നീതി പുലര്‍ത്തി. 64 പന്തുകള്‍ നേരിട്ട് 37 റണ്‍സാണ് രാഹുല്‍ നേടിയത്. ഭാരത ഇന്നിങ്‌സിലെ മികച്ച രണ്ടാമത്തെ സ്‌കോര്‍ രാഹുലിന്റേതായിരുന്നു. ആദ്യ ടെസ്റ്റില്‍ ശോഭിച്ച നിതീഷ് റെഡ്ഡി ഇന്നലെ നേടിയ 42 റണ്‍സ് ആണ് ഭാരത നിരയിലെ മികച്ച വ്യക്തിഗത സ്‌കോര്‍. ഏഴാമനായി ഇറങ്ങിയ നിതീഷ് മൂന്ന് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതമാണ് വിലപ്പെട്ട സംഭാവന നല്‍കിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഭാരതത്തിന് ആദ്യ പന്തില്‍ തന്നെ തിരിച്ചടി നേരിട്ടു. മിച്ചല്‍ സ്റ്റാര്‍ക്ക് ജയ്‌സ്വാളിനെ ലെഗ് ബിഫോറാക്കി മടക്കി. രണ്ടാം വിക്കറ്റില്‍ രാഹുലും ഗില്ലും ചേര്‍ന്ന് ഭാരതത്തെ മികച്ച നിലയിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. ഭാരത ടോട്ടല്‍ 69ലെത്തിയപ്പോള്‍ സ്റ്റാര്‍ക്ക് വീണ്ടും വില്ലനായെത്തി. രാഹുലിനെ മക്‌സ്വീനിയുടെ കൈകളിലെത്തിച്ചു. പകരമെത്തിയ വിരാട് കോഹ്‌ലി നിരാശപ്പെടുത്തി(എട്ട് പന്തില്‍ ഏഴ്)ക്കൊണ്ട് സ്റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അധികം വൈകാതെ ഗില്ലും(31) മടങ്ങി. ഋഷഭ് പന്ത് ക്രീസില്‍ നില്‍ക്കെ ആറാമനായെത്തിയ രോഹിത് നങ്കൂരമിട്ടു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. 23 പന്തുകള്‍ നേരിട്ട് മൂന്ന് റണ്‍സ് നേടി നായകന്‍ വീണ്ടും പരാജയമായി. 90 കടക്കും മുമ്പേ ഭാരതത്തിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. പിന്നീട് ഋഷഭ് പന്ത്(21), ആര്‍. അശ്വിന്‍(22) എന്നിവരെ കൃത്യമായ ഇടവേളകളില്‍ പുറത്താക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് സാധിച്ചു. വാലറ്റക്കാരെ കൂട്ടുപിടിച്ച് നിതീഷ് നടത്തിയ ചെറുത്തുനില്‍പ്പില്‍ ഭാരതം ഒരുവിധത്തില്‍ 150 കടന്നു. ഹര്‍ഷിത് റാണയും ബുംറയും പൂജ്യത്തിന് മടങ്ങി. മുഹമ്മദ് സിറാജ് നാല് റണ്‍സുമായി പുറത്താകാതെ നിന്നു. നിതീഷിനെ ട്രാവിസ് ഹെഡിന്റെ കൈകളിലെത്തിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് ഭാരത ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഇതോടെ സ്റ്റാര്‍ക്ക് കരിയര്‍ ബെസ്റ്റ് പ്രകടനമായി ആറ് വിക്കറ്റും സ്വന്തമാക്കി.
48 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്കിന്റെ അത്യുഗ്രന്‍ പ്രകടനം. നായകന്‍ പാറ്റ് കമ്മിന്‍സും ബോളണ്ടും ഓസീസിനായി രണ്ട് വീതം വിക്കറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: