വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ആതിഥേയരുമായുള്ള രണ്ടാം ടെസ്റ്റ് തുടക്കത്തിലേ തന്നെ ആവേശഭരിതമാക്കി. ആദ്യദിനം ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 280 റണ്‍സില്‍ പുറത്തായി മറുപടി ബാറ്റിങ്ങില്‍ ആതിഥേയരുടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ന്യൂസിലന്‍ഡ് അഞ്ചിന് 86 എന്ന നിലയില്‍ പരുങ്ങുകയാണ്.
ബ്രൈഡന്‍ കാഴ്സെയുടെ രണ്ട് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിന്റെ തിരിച്ചടിക്ക് കരുത്തായത്. അപകടകാരിയായ കെയ്ന്‍ വില്ല്യംസണിനെയും(37) ഡാരില്‍ മിച്ചലിനെയും(ആറ്) കാഴ്സെ ആണ് പുറത്താക്കിയത്. ഇതുവരെയുള്ള കിവീസ് ഇന്നിങ്സിലെ ടോപ് സ്കോറര്‍ ആണ് വില്ല്യംസണ്. ആറാം ഓവറില്‍ ഡെവോന്‍ കോണ്‍വെയെ(11) പുറത്താക്കി ഗുസ് അറ്റ്കിന്സണ് ആണ് ഇംഗ്ലണ്ടിന്റെ തിരിച്ചടിക്ക് തുടക്കമിട്ടത്. നായകന് ടോം ലാതമിന്റെ(17) വിക്കറ്റ് ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സ് സ്വന്തമാക്കി. ബൗള്‍ഡാക്കുകയായിരുന്നു. മറ്റൊരു ബാറ്റര്‍ രചിന് രവീന്ദ്രയെ(മൂന്ന്) ക്രിസ് വോക്സും പുറത്താക്കി. രണ്ടാം ദിവസത്തേക്ക് കളി പിരിയുമ്പോള്‍ പൂജ്യം റണ്‍സുമായി വില്ല്യം ഓ റൂര്‍ക്കെയും ടോം ബ്ലണ്ടലും(ഏഴ്) ആണ് ക്രീസില്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ഹാരി ബ്രൂക്ക് നേടിയ സെഞ്ച്വറി പ്രകടനത്തിന്റെയും(115 പന്തില്‍ 123) ഓലീ പോപ്പിന്റെ അര്‍ദ്ധസെഞ്ച്വറിയുടെയും(78 പന്തില്‍ 66) ബലത്തിലാണ് 250നപ്പുറമുള്ള ടോട്ടലില്‍ എത്തിച്ചേര്‍ന്നത്. ബാക്കി ബാറ്റര്‍മാരാരും തിളങ്ങിയില്ല. 18 റണ്‍സെടുത്ത ക്രിസ് വോക്സാണ് പിന്നീടുള്ളവരിലെ ടോപ് സ്കോറര്‍.
നാല് വിക്കറ്റ് പ്രകടനവുമായി നഥാന്‍ സ്മിത്തും മൂന്ന് വിക്കറ്റ് വീഴ്ത്തി ഓ റൂര്‍ക്കെയും ആണ് കിവീസിന് മേല്‍ക്കൈ സമ്മാനിച്ചത്. മാറ്റ് ഹെന്റി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സെഞ്ച്വറിക്കാരന്‍ ഹാരി ബ്രൂക്ക് മാത്രം റണ്ണൗട്ടാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: