ന്യൂദല്‍ഹി: കോൺഗ്രസ് എംപിയും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ് വിക്ക് അനുവദിച്ചിരുന്ന സീറ്റ് നമ്പർ 222-ൽ നിന്ന് പതിവ് പരിശോധനയ്‌ക്കിടെ കറൻസി നോട്ടുകൾ കണ്ടെത്തിയതായി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ സഭയെ അറിയിച്ചു. വിഷയം അന്വേഷണത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനയോട് പ്രതികരിച്ച അഭിഷേക് മനു സിങ് വി, സാഹചര്യത്തെ വിചിത്രം എന്ന് വിശേഷിപ്പിക്കുകയും തനിക്ക് പങ്കില്ലെന്നും പറഞ്ഞു.
“ഇന്നലെ സഭ നിർത്തിവച്ചതിന് ശേഷം ചേംബറിലെ പതിവ് അട്ടിമറി വിരുദ്ധ പരിശോധനയ്‌ക്കിടെ തെലങ്കാന സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഭിഷേക് മനു സിങ് വിക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്ന സീറ്റ് നമ്പർ 222-ൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കറൻസി നോട്ടുകൾ കണ്ടെടുത്തു. വിഷയം എന്റെ ശ്രദ്ധയിൽപ്പെടുത്തി, അന്വേഷണം നടക്കുമെന്ന് ഞാൻ ഉറപ്പുവരുത്തി, അത് നടക്കുന്നുണ്ട് ജഗ്ദീപ് ധൻഖർ പറഞ്ഞു.
“ഇന്നലെ ഉച്ചയ്‌ക്ക് 12.57ന് ഞാൻ ഹൗസിന്റെ ഉള്ളിലെത്തി. ഉച്ചയ്‌ക്ക് 1 മണിക്ക് സഭ പിരിഞ്ഞു. 1 മുതൽ 1:30 വരെ ഞാൻ അയോധ്യ പ്രസാദിനൊപ്പം കാൻ്റീനിൽ ഇരുന്നു ഉച്ചഭക്ഷണം കഴിച്ചു. 1:30 ന് ഞാൻ പാർലമെൻ്റ് വിട്ടു. അതിനാൽ ഇന്നലെ ഞാൻ സഭയിൽ ഉണ്ടായിരുന്നത് 3 മിനിറ്റും കാൻ്റീനിൽ 30 മിനിറ്റുമാണ്,” കോൺഗ്രസ് എംപി പറഞ്ഞു.
“ഇത്തരം വിഷയങ്ങളിൽ പോലും രാഷ്‌ട്രീയം ഉന്നയിക്കുന്നത് വിചിത്രമായി കാണുന്നു. ആൾക്കാർ വന്ന് ഏതു സീറ്റിൽ എവിടെയും എന്തും വയ്‌ക്കാൻ പറ്റുമെന്ന സാഹചര്യത്തില്‍ അന്വേഷണം തീർച്ചയായും ഉണ്ടാകണം. നമുക്ക് ഓരോരുത്തർക്കും സീറ്റ് തന്നെ ലോക്ക് ചെയ്യാനും താക്കോൽ എംപിക്ക് വീട്ടിലേക്ക് കൊണ്ടുപോകാനും കഴിയുന്ന ഒരു ഇരിപ്പിടം ഉണ്ടായിരിക്കണം, കാരണം എല്ലാവർക്കും സീറ്റിൽ കാര്യങ്ങൾ ചെയ്യാനും ഇതിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കാനും കഴിയും. സുരക്ഷാ ഏജൻസികളിൽ എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അത് പൂർണമായും തുറന്നുകാട്ടണം, ”അഭിഷേക് സിങ് വി കൂട്ടിച്ചേർത്തു.
ജഗ്ദീപ് ധൻഖറിന്റെ പ്രസ്താവന പ്രതിപക്ഷ ബഞ്ചുകളിൽ ബഹളമുണ്ടാക്കി, അന്വേഷണം പൂർത്തിയാകാതെ ചെയർമാൻ അംഗത്തിന്റെ പേര് പറയാൻ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
500 രൂപയുടെ കറൻസി നോട്ടുകളാണെന്നും 100 നോട്ടുകൾ ഉണ്ടെന്നും ചെയർമാൻ പറഞ്ഞു .
കറൻസി നോട്ടുകൾ യഥാർഥമാണോ വ്യാജമാണോ എന്ന് വ്യക്തമല്ലെന്നും ജഗ്ദീപ് ധൻഖർ പറഞ്ഞു.
“ഇത് എന്റെ കടമയായിരുന്നു, സഭയെ അറിയിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. ഇത് ഒരു സാധാരണ അട്ടിമറി വിരുദ്ധ പരിശോധനയാണ്,” അദ്ദേഹം പറഞ്ഞു.
ആരെങ്കിലും കറൻസി നോട്ടുകൾ ക്ലെയിം ചെയ്യുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഇതുവരെ ആരും അത് അവകാശപ്പെട്ടിട്ടില്ലെന്നും ധൻഖർ കൂട്ടിച്ചേർത്തു.
സീറ്റ് നമ്പറും അതിൽ ഇരിക്കുന്ന അംഗവും ചെയർമാൻ ചൂണ്ടിക്കാണിച്ചു, അതിലെന്താണ് പ്രശ്‌നമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു ചോദിച്ചു. സഭയിൽ നോട്ട് കെട്ടുകൾ കൊണ്ടുപോകുന്നത് ഉചിതമല്ലെന്നും ഗൗരവമായ അന്വേഷണം വേണമെന്ന് സമ്മതിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: