തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള ഏകീകരണം എന്ന ലക്ഷ്യം നേടാന്‍ പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങളെ ഉയര്‍ത്തികൊണ്ടു വരുന്നതിനു പകരം കെഎസ്എഫ്ഇ പോലെയുള്ള മികച്ച സ്ഥാപനങ്ങളുടെ ശമ്പള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കുന്ന തലതിരിഞ്ഞ നയം സര്‍ക്കാര്‍ തിരുത്തണമെന്ന് ബിഎംഎസ് ദക്ഷിണ ഭാരത സഹ സംഘടന സെക്രട്ടറി എം.പിരാജീവന്‍. കെഎസ്എഫ്ഇ എംപ്ലോയീസ് സംഘ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന് ഏറ്റവും കൂടുതല്‍വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ധനകാര്യമേഖലയിലെ ഏറ്റവും പ്രമുഖ സ്ഥാപനമാണ് കെഎസ്എഫ്ഇ. സ്ഥാപനത്തിന്റെ ബാധ്യത ജീവനക്കാരുടെ മേല്‍ കെട്ടിവയ്‌ക്കുന്ന തരത്തില്‍ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പരിഷ്‌കരിക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. കാലാവധി കഴിഞ്ഞ ശമ്പളക്കരാര്‍ പുതുക്കണമെന്നും ഇടക്കാലാശ്വാസം ഉഭയകക്ഷി ചര്‍ച്ച നടത്തി തീരുമാനിക്കണമെന്നും അധ്യക്ഷത വഹിച്ച ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ആവശ്യപ്പെട്ടു.
2014 മുതല്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ സ്‌കീം നടപ്പാക്കണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ ജയകുമാര്‍ ആവശ്യപ്പെട്ടു. ധര്‍ണയില്‍ കേരള വൈദ്യുതി മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍, സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് അജയകുമാര്‍, വാട്ടര്‍ അതോറിട്ടി എംപ്ലോയീസ് സംഘ് വര്‍ക്കിങ് പ്രസിഡന്റ് അനില്‍ കുളപ്പട, കെഎസ്എഫ്ഇ എംപ്ലോയീസ് സംഘ് വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് കെ.ബി, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ കെ.പി, വൈസ് പ്രസിഡന്റ് ബിനു. എസ്, സെക്രട്ടറി ഷാജിമോന്‍ പി. എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: