കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി വാദം കേൾക്കും. ഇതെ തുടർന്ന് കോടതി ഇനി വ്യാഴാഴ്ചയായിരിക്കും ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് കോടതി അന്വേഷിക്കുന്നത്. കൂടാതെ അന്വേഷണം ശരിയായ ദിശയിലാണോ എന്ന് കോടതി പരിശോധിക്കും.
അതേ സമയം അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. കൂടാതെ നവീന്‍ ബാബുവിന്റെ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് കോടതിയുടെ പ്രതികരണം.
കൂടാതെ കേസ് ഡയറിയും കോടതി പരിശോധിക്കും. അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നവീന്‍ ബാബുവിന്റെ കുടുംബത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന നിലപാടാണ് സിബിഐ കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: