തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം.
അമല്‍ചന്ദ്, വിധു ഉദയ, മിഥുന്, അലന് ജമാല്‍ എന്നീ എസ്എഫ്ഐ നേതാക്കളെ പ്രതികളാക്കി ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല. പ്രതികള്‍ ഒളിവില്‍ പോയെന്നു പോലീസ് പറയുന്നു. പക്ഷേ ഇന്നലെയും ഇവര്‍ കോളജിലെത്തിയിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പൂവച്ചല്‍ സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് എസ്എഫ്ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. പറയുന്നതു കേട്ടില്ലെങ്കില്‍ വൈകല്യമുള്ള കാല് വെട്ടിയെടുക്കുമെന്നും സ്വാധീനമില്ലാത്ത കാല് ചവിട്ടി ഞെരിക്കുമെന്നുമാണ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ചന്ദ് ഭീഷണിപ്പെടുത്തിയത്. രണ്ട് കാലിലും വിരലുകളില്ലാത്ത, ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് അനസ്. കൊടിയ പീഡനമാണ് നേരിടേണ്ടി വന്നതെന്ന് അനസ് പ്രതികരിച്ചു.
വൈകല്യമുള്ള കാലില്‍ ചവിട്ടി പിടിച്ച് കമ്പി കൊണ്ട് അടിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് പരിഹസിച്ചു. കോളജില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അനസ് പറഞ്ഞു. ഡിപ്പാര്‍ട്ട്മെന്റ് കമ്മിറ്റി അംഗങ്ങളാണ് തന്നെ യൂണിയന് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും അനസ് പറഞ്ഞു. മര്‍ദന വിവരം പുറത്തു പറഞ്ഞാല്‍ വീട്ടില്‍ കയറി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. കോളജിലേക്ക് ചെല്ലാനുള്ള ഭയം മൂലം പ്രിന്‍സിപ്പലിനു പരാതി ഇ മെയിലായി നല്‍കിയെങ്കിലും ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല, അനസ് പറയുന്നു.
ഒരു വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് അനസ് മര്‍ദനത്തിന് ഇരയാകുന്നത്. കോളജില്‍ ചേര്‍ന്ന സമയത്ത് റാഗിങ്ങില്‍ നിന്നു രക്ഷപ്പെടാന്‍ നാട്ടിലെ പാര്‍ട്ടിക്കാരെക്കൊണ്ടു വിളിപ്പിച്ചപ്പോള്‍ തുടങ്ങിയ വൈരാഗ്യമാണ്. ഓരോ തവണ മര്‍ദിക്കുമ്പോഴും നാട്ടിലെ പാര്ട്ടിക്കാര് ഇടപെട്ടിരുന്നു. അതോടെ വൈരാഗ്യം കൂടി. തിങ്കളാഴ്ച വൈകിട്ട് പരീക്ഷ കഴിഞ്ഞപ്പോള്‍ യൂണിറ്റ് കമ്മിറ്റിയുടെ മുറിയില്‍ പൂട്ടിയിട്ടാണു മര്‍ദിച്ചത്. യൂണിറ്റ് സെക്രട്ടറി വിധു ഉദയ നെഞ്ചില്‍ ആഞ്ഞിടിച്ചു, പ്രസിഡന്റ് അമല്‍ചന്ദ് ഷൂസിട്ട കാലുകൊണ്ട് വയ്യാത്ത കാല് ചവിട്ടി ഞെരിച്ചു. ‘നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന നിനക്ക് ഇവിടെ ഞങ്ങള്‍ പറയുന്നതു ചെയ്യാന്‍ വയ്യല്ലേയെന്ന് ആക്രോശിച്ചു. തടയാന്‍ ശ്രമിച്ച അഫ്സലിനും തല്ലു കിട്ടി. ഒരു മണിക്കൂറിനുശേഷമാണ് മോചിപ്പിച്ചത്. അനസ് പറയുന്നു. തനിക്ക് മര്‍ദനം നേരിടേണ്ടി വന്ന കാര്യം ജില്ലാ സെക്രട്ടറിയെ അറിയിച്ചുവെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ പറഞ്ഞുവെന്നും അനസ് കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ അനസിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: