ഇന്‍ഡോര്‍: ട്വന്റി20യില്‍ ലോകത്തിലെ ഏറ്റവും വലിയ സ്കോര്‍ സ്വന്തമാക്കി ബറോഡ ക്രിക്കറ്റ് ടീം. ഭാരതത്തിലെ ആഭ്യന്തര ട്വന്റി20 ചാമ്പ്യന്‍ഷിപ്പ് സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്നലെ സിക്കിമിനെതിരെയാണ് ബറോഡയുടെ റിക്കാര്‍ഡ് ബ്രേക്കിങ് പ്രകടനം. മത്സരത്തില്‍ ടീം 263 റണ്‍സിന് വിജയിച്ചു.
സയിദ് മുഷ്താഖ് അലി ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ സിക്കിമിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 349 റണ്‍സുമായി പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് സിംബാബ്വെ ഗാംബിയയ്ക്കെതിരെ നേടിയ നാലിന് 344 റണ്‍സെന്ന ടോട്ടല്‍ സ്കോറിനെയാണ് ബറോഡ മറികടന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ട്വന്റി20 ടോട്ടല്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മംഗോളിയക്കെതിരെ നേപ്പാള്‍ നേടിയ 314 റണ്‍സ് ആണ്.
സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇതിന് മുമ്പുള്ള ഏറ്റവും വലിയ ടോട്ടല്‍ കഴിഞ്ഞ വര്‍ഷം ആന്ധ്രയ്ക്കെതിരെ പഞ്ചാബ് നേടിയ 275 റണ്‍സ് ആയിരുന്നു. സിക്കിമിനെതിരെ ഇന്നലെ വമ്പന്‍ ടോട്ടല്‍ പടുക്കുന്നതിന് ബലമായത് ഭാനു പനിയയുടെ സെഞ്ച്വറി(പുറത്താകാതെ 51 പന്തില്‍ 134) പ്രകടനമാണ്. അഭിമന്യു സിങ്(53), ശിവാലിക് ശര്‍മ(55), വിഷ്ണു സോളങ്കി(50) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളും ശ്രദ്ധേയമായി. ഓരോരുത്തരും 20ല്‍ താഴെ പന്തുകളില്‍ നിന്നാണ് അര്‍ദ്ധസെഞ്ച്വറി തികച്ചത്. ഇവര്‍ക്കൊപ്പം ഓപ്പണര്‍ ശാശ്വത് റാവത്തിന്റെ(16 പന്തില്‍ 43) പ്രകടനവും എടുത്തു പറയേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: