തിരുവനന്തപുരം: ഡിസംബര്‍ 7 മുതല്‍ 10 വരെ തിരുവനന്തപുരത്ത് ഉദ്യമ 1.0 എന്ന പേരില്‍ ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ജനുവരിയില്‍ കൊച്ചിന് സര്‍വ്വകലാശാലയില്‍ നടക്കുന്ന കോണ്‍ക്ലേവിന്റെ പ്രാരംഭമായാണ് ഇതു സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യക്രമം നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള സാധ്യതകളെ സംബന്ധിച്ച് സാങ്കേതികവിദഗ്ധര്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംവാദങ്ങള്‍ നടക്കും. അന്തര്‍ദേശീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മലയാളിസംരംഭകരും സാങ്കേതികവിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചര്‍ച്ചകള്‍ നയിക്കും.
ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന നാലുദിന കോണ്‍ക്ലേവ് ഡിസംബര്‍ 10ന് സമാപിക്കുമ്പോള്‍ ഒരു വിഷന്‍ ഡോക്യുമെന്റ് രൂപീകരിക്കാന്‍ ഉതകുന്ന മാര്‍ഗ്ഗ രേഖകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. വിവിധ സാങ്കേതിക മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍, വ്യവസായ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട പാനലിന്റെ ചര്‍ച്ചകളിലൂടെ രൂപപ്പെടുന്ന ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വാംശീകരിച്ചാണ് വിഷന്‍ ഡോക്യുമെന്റ് തയാറാക്കുന്നത്. ഇതിലൂടെ സാങ്കേതികവിദ്യാഭ്യാസ വകുപ്പിനെ വരും ദശാബ്ദത്തിലേക്ക് നയിക്കുന്ന സമഗ്രമായ ഒരു കാഴ്ചപ്പാട് ഉദ്യമ 1.0 രൂപീകരിക്കും.
ഉദ്യമ 1.0 കോണ്‍ക്ലേവിന്റെ കൂടുതല്‍ വിവരങ്ങള്‍ udyamadtekerala.in വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: