മോസ്‌ക്കോ:
15-ാമത് VTB റഷ്യ കോളിംഗ് നിക്ഷേപകവേദിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ “ഇന്ത്യ-ആദ്യം” നയത്തെയും “മേക്ക് ഇൻ ഇന്ത്യ” സംരംഭത്തെയും റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രശംസിച്ചു. വളർച്ചയ്‌ക്കു സുസ്ഥിരമായ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രസിഡന്റ് പുടിൻ ശ്ലാഘിച്ചു. ഈ നയങ്ങൾ ഇന്ത്യയുടെ വികസനത്തിനു സംഭാവന നൽകിയതെങ്ങനെയെന്നും അദ്ദേഹം പറഞ്ഞു.
ഉൽപ്പാദനം വർധിപ്പിക്കുന്നതിനും വിദേശനിക്ഷേപം ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള “മെയ്‌ക്ക് ഇൻ ഇന്ത്യ” സംരംഭം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു – അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സാമ്പത്തിക പുരോഗതിയിലേക്കു കുതിക്കുന്നു എന്നതിന് അടിവരയിടുന്നതാണു പ്രസിഡന്റ് പുടിന്റെ പരാമർശങ്ങൾ. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇ) “സുസ്ഥിര സാഹചര്യങ്ങൾ” സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രത്യേകിച്ചും “മെയ്‌ക്ക് ഇൻ ഇന്ത്യ” പരിപാടിയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന സാമ്പത്തിക സംരംഭങ്ങളും അദ്ദേഹം ഉയർത്തിക്കാട്ടി.
ഇന്ത്യയിൽ ഉൽപ്പാദനപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള റഷ്യയുടെ സന്നദ്ധത പ്രകടിപ്പിച്ച പ്രസിഡന്റ് പുടിൻ, റഷ്യയുടെ ഇറക്കുമതി ബദൽ പരിപാടിയും ഇന്ത്യയുടെ “മെയ്‌ക്ക് ഇൻ ഇന്ത്യ” സംരംഭവും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നിക്ഷേപം ലാഭകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ നേതൃത്വം ദേശീയ താൽപ്പര്യങ്ങൾക്കു മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“പ്രധാനമന്ത്രി മോദിക്കു ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ എന്ന പേരിൽ സമാനമായ പരിപാടിയുണ്ട്. ഞങ്ങളുടെ ഉൽപ്പാദനപ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിക്കാനും ഞങ്ങൾ തയ്യാറാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗവണ്മെന്റ് സുസ്ഥിര സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യയെ ഒന്നാമതാക്കുക എന്ന നയത്താൽ നയിക്കപ്പെടുന്നു. ഇന്ത്യയിൽ നിക്ഷേപിക്കുന്നതു ലാഭകരമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു”- റഷ്യൻ പ്രസിഡന്റ് പറഞ്ഞു. റഷ്യൻ കമ്പനിയായ റോസ്‌നെഫ്റ്റ് അടുത്തിടെ രാജ്യത്ത് 20 ശതകോടി ഡോളർ നിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു.
ബ്രിക്സിന്റെ പരിണാമത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ ഇറക്കുമതി ബദൽ പരിപാടിയുടെ പ്രാധാന്യവും പ്രസിഡന്റ് പുടിൻ എടുത്തുപറഞ്ഞു. എസ്എംഇകളുടെ വളർച്ചയിലും ബ്രിക്സ്+ രാജ്യങ്ങളിലെ എസ്എംഇകൾക്കു സുഗമമായ വ്യവസായ ഇടപെടലുകൾ നടത്തുന്നതിനുള്ള ദ്രുത തർക്കപരിഹാര സംവിധാനത്തിന്റെ ആവശ്യകതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പുടിൻ പറഞ്ഞു.
ഉപഭോക്തൃ സാമഗ്രികൾ, ഐടി, ഹൈടെക്, കൃഷി തുടങ്ങിയ മേഖലകളിലെ പ്രാദേശിക റഷ്യൻ ഉൽപ്പാദകരുടെ വിജയം ചൂണ്ടിക്കാട്ടി, വിപണിയിൽനിന്നു പുറത്തുപോയ പാശ്ചാത്യ ബ്രാൻഡുകൾക്കു പകരമായി പുതിയ റഷ്യൻ ബ്രാൻഡുകൾ ഉയർന്നുവന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ ഇറക്കുമതി ബദൽ പരിപാടിയുടെ ഭാഗമായി ഇതു വളരെ പ്രധാനമാണ്. പുതിയ റഷ്യൻ ബ്രാൻഡുകളുടെ ആവിർഭാവം ഞങ്ങളുടെ വിപണിയിൽനിന്നു സ്വമേധയാ വിട്ടുപോയ പാശ്ചാത്യകമ്പനികൾക്കു പകരമാകാൻ സഹായിക്കുന്നു. ഞങ്ങളുടെ പ്രാദേശിക ഉൽപ്പാദകർ ഉപഭോക്തൃ ഉൽപ്പന്നങ്ങളിൽ മാത്രമല്ല, ഐടി, ഹൈടെക് വ്യവസായങ്ങളിലും ഗണ്യമായ വിജയം കൈവരിച്ചു” – അദ്ദേഹം പറഞ്ഞു.
ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളർച്ചയെ പിന്തുണയ്‌ക്കുന്നതിനു ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണം വേണമെന്നും അടുത്ത വർഷം ബ്രസീലിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ സഹകരണത്തിനുള്ള പ്രധാന മേഖലകൾ തിരിച്ചറിയണമെന്നും അംഗരാജ്യങ്ങളോടു പ്രസിഡന്റ് പുടിൻ ആവശ്യപ്പെട്ടു. ബ്രിക്സുമായി ചേർന്നു റഷ്യ വികസിപ്പിക്കുന്ന നിക്ഷേപവേദിയെക്കുറിച്ചു പരാമർശിച്ച പ്രസിഡന്റ് പുടിൻ, പങ്കാളികളായ എല്ലാ രാജ്യങ്ങൾക്കും പ്രയോജനം ചെയ്യാനുള്ള കഴിവ് ഇതിനുണ്ടെന്നും നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്‌ക്കുന്നതിനും ഗ്ലോബൽ സൗത്ത്-ഈസ്റ്റ് രാജ്യങ്ങൾക്കു സാമ്പത്തിക സ്രോതസ്സുകൾ നൽകുന്നതിനുമുള്ള പ്രധാന സങ്കേതമായി ഇതു മാറുമെന്നും പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
“സഹകരണത്തിന്റെ പ്രധാന മേഖലകളിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ ഞാൻ എന്റെ ബ്രിക്സ് സഹപ്രവർത്തകരോട് അഭ്യർഥിക്കുന്നു. അടുത്ത വർഷം ബ്രിക്സിനെ നയിക്കുന്ന നമ്മുടെ ബ്രസീലിയൻ സുഹൃത്തുക്കളുടെ ശ്രദ്ധയിൽ തീർച്ചയായും ഞങ്ങളിതു കൊണ്ടുവരും” – അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: