ലക്നൗ : അയോധ്യയിലെ 43-ാമത് രാമായണ മേള രാംകഥ പാർക്കിൽ ഇന്ന് തുടങ്ങും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മേള ഉദ്ഘാടനം ചെയ്യും.
ഡിസംബർ 5 മുതൽ ഡിസംബർ 8 വരെ നടക്കുന്ന നാല് ദിവസത്തെ സാംസ്‌കാരിക സമ്മേളനം അയോധ്യയുടെ സമ്പന്നമായ ആത്മീയവും സാംസ്‌കാരികവുമായ പാരമ്പര്യത്തെ ഊന്നിപ്പറയുകയും ശ്രീരാമന്റെ ജീവിതത്തെയും തത്വങ്ങളെയും ആദരിക്കുകയും ചെയ്യുന്നു.
ഉദ്ഘാടന പരിപാടിക്ക് ശേഷം മുഖ്യമന്ത്രി ഹനുമാൻ ഗർഹിയിൽ പോയി രാം ലല്ലയുടെ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും രാമക്ഷേത്ര കെട്ടിടത്തിന്റെ സ്ഥിതി വിലയിരുത്തുകയും ചെയ്യും. അതേ സമയം ലോകമെമ്പാടുമുള്ള സനാതനികളെ സംബന്ധിച്ചിടത്തോളം വലിയ ആവേശത്തിന്റെ നിമിഷമാണ് ഇനിയുള്ളതെന്ന് രാമായണ മേള കമ്മിറ്റിയുടെ സെക്രട്ടറി ജനറൽ കമലേഷ് സിംഗ് പറഞ്ഞു.
നാല് ദിവസത്തെ രാമായണ മേള പരമ്പരാഗതമായി ആദ്യ ദിവസം മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തോടെ ആരംഭിക്കുമെന്നും അവസാന ദിവസം ഗവർണർ മേളയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും ഇന്ത്യയിലും കുടുംബങ്ങളിലും ശ്രീരാമന്റെ ആദർശങ്ങളും അദ്ദേഹത്തിന്റെ ഭരണവും കുടുംബ മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. മാത്രമല്ല അയോധ്യയിൽ നിന്ന് പുറപ്പെടുന്ന ശ്രീരാമന്റെ ആചാരപരമായ ബാരാത് യാത്രയിൽ (വിവാഹ ഘോഷയാത്ര) ഭക്തർ സന്തോഷത്തിലാണ്.
43 വർഷം മുമ്പ് മഹന്ത് നൃത്യ ഗോപാൽ ദാസ് ജിയും ശീത്‌ല സിംഗിനെപ്പോലുള്ള പ്രഗത്ഭരും സ്ഥാപിച്ച രാമായണ മേള ഈ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നത് തുടരുന്നുവെന്നും കമലേഷ് സിംഹ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: