മഹാകവി വള്ളത്തോളും കേരള കലാമണ്ഡലവും എക്കാലവും മലയാളികളുടെ അഭിമാനമാണ്. എന്നാല്‍ അടുത്തകാലത്തായി അവിടെ നിന്ന് കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ അത്ര അഭിമാനകരമല്ല. പാരമ്പര്യ കലകളും അനുഷ്ഠാന കലാരൂപങ്ങളും സംരക്ഷിക്കാനുറച്ച് മഹാകവിയും കൂട്ടരും ആരംഭിച്ച പ്രസ്ഥാനം ഇന്ന് തകര്‍ച്ചയെ നേരിടുന്നു. ഗുരുതര സാമ്പത്തിക പ്രതിസന്ധി മൂലം കലാമണ്ഡലത്തിലെ താല്‍ക്കാലിക അദ്ധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിട്ടു എന്ന വാര്‍ത്ത കലാസ്‌നേഹികളെ ഞെട്ടിച്ചു. പരിതാപകരമായ അവസ്ഥയിലേക്ക് ഈ സരസ്വതി ക്ഷേത്രത്തെ എത്തിച്ചതിന് ഉത്തരവാദികള്‍ മാറിമാറി വന്ന ഭരണകൂടങ്ങളും കലാമണ്ഡലത്തിന് ഭരണ നേതൃത്വം നല്‍കിയവരുമാണ്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് കലാമണ്ഡലം ഇന്ന് കാണുന്ന രൂപത്തില്‍ വളര്‍ന്നു വികസിച്ചത്. പിന്നീട് രാഷ്‌ട്രീയ അതിപ്രസരവും ഇഷ്ടക്കാരുടെ നിയമനവും മൂലം കലയ്‌ക്കു പകരം സ്വാര്‍ത്ഥതയും പാര്‍ട്ടി രാഷ്‌ട്രീയവും വളരുന്ന ഇടമായി അവിടം മാറി. കല്‍പിത സര്‍വ്വകലാശാലാ പദവി ലഭിച്ചപ്പോഴെങ്കിലും അക്കാദമിക മികവ് കൈവരിക്കുമെന്നും അഭിമാനാര്‍ഹമായ നിലയിലേക്ക് കലാമണ്ഡലം ഉയരുമെന്നും പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. സര്‍വകലാശാലാ പദവിയുടെ മറവില്‍ തന്നിഷ്ടപ്രകാരം ഒട്ടേറെ അനധികൃത നിയമനങ്ങളാണ് ഭരണ നേതൃത്വം നടത്തിയത്. പാഴ്‌ചെലവുകളേറുകയും വരുമാനം കണ്ടെത്താനാകാതെ വരികയും ചെയ്തതോടെയാണ് സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയത്.
അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ല. ഈ നിലയ്‌ക്ക് മുന്നോട്ടു പോകാനാവില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് താല്‍ക്കാലിക അദ്ധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്. സാംസ്‌കാരിക സ്ഥാപനങ്ങളുടെ ശമ്പളമുള്‍പ്പെടെയുള്ള ചെലവുകള്‍ അതത് സ്ഥാപനങ്ങള്‍ സ്വയംവഹിക്കണമെന്നും ബജറ്റില്‍ വകയിരുത്തുന്ന പ്ലാന്‍ ഫണ്ടിന് പുറമേ മറ്റ് ഗ്രാന്റുകള്‍ ഒന്നും ഇനി അനുവദിക്കാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതോടെ അവസാന പ്രതീക്ഷയും ഇല്ലാതായി. ഇതോടെയാണ് പിരിച്ചുവിടല്‍ എന്ന നിലപാടിലേക്ക് കലാമണ്ഡലം ഭരണസമിതി എത്തിയത്. തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ നടപടിയായിരുന്നു ഇത്. കച്ചവട സ്ഥാപനത്തില്‍ പോലും കരാര്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന് പാലിക്കേണ്ട സാമാന്യ മര്യാദകളുണ്ട്. ഇതെല്ലാം ലംഘിച്ചായിരുന്നു വൈസ് ചാന്‍സലറുടെ ഉത്തരവ്. നവംബര്‍ 30നാണ് ഡിസംബര്‍ ഒന്നു മുതല്‍ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് കാണിച്ച് 128 പേര്‍ക്ക് നോട്ടീസ് നല്‍കുന്നത്. വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കേണ്ടി വന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കലാമണ്ഡലം അധികൃതര്‍ യുജിസി തസ്തികയിലേക്ക് 28 അദ്ധ്യാപകരെ നിയമിക്കാന്‍ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നു എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. ഇവരെക്കൂടി നിയമിച്ചാല്‍ പ്രതിമാസം മൂന്നു കോടി രൂപയോളം ശമ്പളയിനത്തില്‍ അധികമായി കണ്ടെത്തേണ്ടി വരും. 20000 രൂപയുടെ താല്‍ക്കാലിക അധ്യാപകരെ നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥാപനം എങ്ങനെയാണ് മൂന്നു കോടി അധികമായി കണ്ടെത്തുക എന്ന ചോദ്യത്തിന് ഉത്തരമില്ല.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് വാശി പിടിച്ചാണ് ചാന്‍സലര്‍ സ്ഥാനത്ത് മല്ലിക സാരാഭായിയെ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇപ്പോള്‍ അവര്‍ കലാമണ്ഡലത്തിന് ബാധ്യതയായി. ഗവര്‍ണര്‍ക്ക് ചാന്‍സലറുടെ ചുമതല നിര്‍വഹിക്കാന്‍ ഒരു രൂപ പോലും നല്‍കിയിരുന്നില്ല. മല്ലിക സാരാഭായിക്ക് പ്രതിമാസം മൂന്നുലക്ഷം രൂപയോളമാണ് പ്രതിഫലം. പുറമേ യാത്രാ, താമസ ചെലവുകള്‍. വല്ലപ്പോഴും എത്തുന്ന ചാന്‍സലര്‍ പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ മൂന്നോ നാലോ ദിവസം വിശ്രമിച്ച് തിരിച്ചു പോയത്കൊണ്ട് സ്ഥാപനത്തിന് ഒരു നേട്ടവുമില്ല. മല്ലിക ചാന്‍സലര്‍ ആകുന്ന സമയത്ത് അവരും സര്‍ക്കാരും നല്‍കിയ ചില വാഗ്ദാനങ്ങള്‍ ഉണ്ട്. കലാമണ്ഡലത്തെ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും നിരവധി വേദികളില്‍ എത്തിക്കും എന്നതായിരുന്നു അതിലൊന്ന്. ഒരു വേദി പോലും അവരുടേതായി ലഭിച്ചിട്ടില്ല. മുന്‍പു നിത്യ ചെലവ് കണ്ടെത്തിയിരുന്നത് ദേശത്തും വിദേശത്തും കിട്ടുന്ന വേദികളില്‍ നിന്നായിരുന്നു. അതും നിലച്ചു. പരിപാടികള്‍ അവതരിപ്പിക്കുന്നതിലെ വരുമാനത്തിന്റെ ഒരു വിഹിതം കലാകാരന്മാര്‍ക്ക് നല്‍കുന്ന രീതി നേരത്തെ ഉണ്ടായിരുന്നു. കല്‍പ്പിത സര്‍വ്വകലാശാലയായതോടെ ആ പതിവ് നിര്‍ത്തി. ഇതോടെ പുറത്ത് പരിപാടി അവതരിപ്പിക്കാന്‍ കലാകാരന്മാര്‍ക്കും താല്പര്യം കുറഞ്ഞു. പരിപാടികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ബദല്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ഭരണ നേതൃത്വത്തിനായുമില്ല. ഇതിനു പുറമേയാണ് വഴിവിട്ട നിയമനങ്ങള്‍.
പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ബഹുമുഖ പ്രവര്‍ത്തന പദ്ധതി വേണം. വരുമാനം കണ്ടെത്തലാണു പ്രധാനം. നഷ്ടപ്പെട്ട പേരും പ്രതാപവും തിരിച്ചുപിടിച്ചാല്‍ ധാരാളം വേദികള്‍ ദേശത്തും വിദേശത്തും ലഭിക്കും. പാഴ്‌ചെലവുകള്‍ നിയന്ത്രിക്കുകയാണ് മറ്റൊന്ന്. ബൃഹത്തായ സര്‍വകലാശാലയ്‌ക്ക് വേണ്ട സംവിധാനങ്ങളൊന്നും കലാമണ്ഡലത്തിന് ആവശ്യമില്ല. ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവരുടെ പാഴ് ചെലവുകള്‍ നിയന്ത്രിക്കണം. സംസ്ഥാന സര്‍ക്കാരിന് ഈ സ്ഥാപനം വിജയകരമായി നടത്താനാവില്ലെങ്കില്‍ കേന്ദ്രസാംസ്‌കാരിക വകുപ്പിന് കൈമാറണം. മഹാകവി വള്ളത്തോളിനോടും കലാമണ്ഡലത്തെ വളര്‍ത്തിയവരോടുമുള്ള കടപ്പാട് അങ്ങനെയെങ്കിലും നിര്‍വഹിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: