കെ.പി.ശശിധരന്
തപസ്യ കലാസാഹിത്യവേദി
രക്ഷാധികാരി
സാഹിത്യ നിരൂപകന്, അദ്ധ്യാപക സംഘടനാ പ്രവര്ത്തകന്, പത്രപ്രവര്ത്തകന്, കോളജ് അദ്ധ്യാപകന് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു ചൊവ്വാഴ്ച അര്‍ദ്ധരാത്രി അന്തരിച്ച പ്രൊഫ.എം.ആര്. ചന്ദ്രശേഖരന്. കോഴിക്കോട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ആര്. രാമചന്ദ്രന്, പ്രൊഫ. കെ.ഗോപാലകൃഷ്ണന്, എ. പത്മനാഭ കുറുപ്പ് തുടങ്ങിയവരുടെ സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. സാഹിത്യ- സാഹിത്യവിമര്‍ശന രംഗത്തെ ഓരോ ചലനത്തെയും സസൂക്ഷ്മം വീക്ഷിക്കുകയും വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്ത മറ്റൊരെഴുത്തുകാരന് ഉണ്ടെന്ന് പറയാനാവില്ല. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനോടൊപ്പം ചലിക്കുകയും പിന്നീട് അതിന്റെ കടുത്ത വിമര്‍ശകനാവുകയും ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ കാപട്യങ്ങളെ തിരിച്ചറിഞ്ഞപ്പോള്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ അതിന്റെ വിമര്‍ശകനായി അദ്ദേഹം രംഗത്ത് വന്നു. കൂടെ നിന്നവരെല്ലാം കാപടികന്മാരായിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് മൂര്‍ച്ച കൂടി.
പുരോഗമന സാഹിത്യ പ്രസ്ഥാനത്തെയും അതിന്റെ എതിര്ചേരിയേയും (എതിര്‍ഭാഗത്തുണ്ടായിരുന്നത് പ്രധാനമായും കുട്ടികൃഷ്ണമാരാര് മാത്രമായിരുന്നല്ലോ) അന്നത്തെ സാഹിത്യ വിമര്‍ശനങ്ങളെയും വിശദമായി അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇടതുചേരിയില്‍ നിന്ന് പുറത്തുവന്ന് ഇടതുകാപട്യത്തെ മുഴുവന്‍ പച്ചയായി തുറന്നുകാണിച്ചുവെന്നതാണ് എം.ആര്. ചന്ദ്രശേഖരന്റെ മൗലിക സംഭാവന. ഇടതുചേരിയുടെ ഇടയില്‍ നിന്നുതന്നെ ഒരാള്‍ ഇതൊക്കെ വിളിച്ചുപറഞ്ഞതു കൊണ്ടാണ് ആ ശബ്ദത്തിന് അത്രയും ശക്തിയുണ്ടായത്. സാംസ്കാരിക സ്ഥാപനങ്ങളെ എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകള്‍ പിടിച്ചടക്കുകയും കൈയടക്കിവയ്ക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം രേഖപ്പെടുത്തി.
കേരളത്തിലെ പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം എന്ന വിപുലമായ ഗ്രന്ഥത്തില്‍ ഇത് വിശദമാക്കുന്നുണ്ട്. സര്‍വകലാശാല പാഠ്യപദ്ധതിയില്‍ പിന്നീട് ഇത് ഉള്‍പ്പെടുത്തിയെന്നത് ഇപ്പോഴും വിസ്മയമാണ്. സാഹിത്യ പ്രസ്ഥാനത്തിലെ ഓരോ അവയവത്തേയും എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് നീരാളി കീഴ്പ്പെടുത്തുന്നതെന്ന് അദ്ദേഹം കേരളത്തോട് വിളിച്ചു പറഞ്ഞു. വര്‍ത്തമാനകാല സാംസ്കാരിക അന്തരീക്ഷത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വെട്ടിപ്പിടിക്കലുകള്‍ അവരുടെ ചരിത്രത്തിലുണ്ടായിരുന്നു. ആ ചരിത്രമാണ് ഒരു കമ്മ്യൂണിസ്റ്റുകാരന് എന്ന നിലയില്‍ സ്വാനുഭവത്തിലൂടെ അദ്ദേഹം എഴുതിവെച്ചത്.
1964 ലെ ഭിന്നിപ്പിനെ തുടര്‍ന്ന് സിപിഐയും സിപിഎമ്മും തമ്മില്‍ നടന്ന വെട്ടിപ്പിടിക്കലിനെകുറിച്ചും എം.ആര്.സി എഴുതിയിട്ടുണ്ട്. ‘1964 ലെ പാര്‍ട്ടി ഭിന്നിപ്പിനെ തുടര്‍ന്ന് സിപിഐയും സിപിഎമ്മും മത്സരിച്ച് പാര്‍ട്ടിയിലുണ്ടായിരുന്നവരെ തങ്ങളുടെ വശത്തേക്ക് കൊണ്ടുവരാന്‍ യത്നിച്ചു. പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കലും പത്രങ്ങള്‍ പിടിക്കലും പാര്‍ട്ടി കേഡര്‍മാരെ പ്രലോഭിപ്പിച്ച് വശത്താക്കുകയും ചെയ്യുന്നത് വ്യാപകമായി. ആ മത്സരത്തില്‍ എം. വിഭാഗമാണ് നേട്ടമുണ്ടാക്കിയത്.’
കോളജ് അദ്ധ്യാപക മേഖലയില്‍ കമ്മ്യൂണിസ്റ്റ് യൂണിയന് കെട്ടിപ്പെടുക്കുന്നതില്‍ അദ്ദേഹം ഏറെ പങ്ക് വഹിച്ചു. എകെപിസിടിഎ യില്‍ നിന്ന് പുറത്തുവന്ന് അതിനെതിരെസംഘടന രൂപീകരിച്ചതും ഇടതു ചേരിയെ വെല്ലുവിളിച്ചതും എം.ആര് ചന്ദ്രശേഖരന് എന്ന വിപ്ലവകാരിയുടെ പിന്നീടുള്ള ജീവിതത്തിലുണ്ട്.അദ്ധ്യാപക പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ എം.ആര്.സി അദ്ധ്യാപകരംഗത്തെ ഇടതു ആധിപത്യത്തെയും ധൈര്യപൂര്‍വം വെല്ലുവിളിച്ചു. സാഹിത്യരംഗത്തും സംഘടനാരംഗത്തും ഇടത് ആധിപത്യത്തെ പ്രതിരോധിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് മുന്നേറിയ അനുഭവസമ്പത്തുള്ള പ്രൊഫസറായിരുന്നു അദ്ദേഹം. ആര്.ആര്.സിയും എം.ആര്.സിയു (ആര്. രാമചന്ദ്രന് നായര്‍, എം.ആര്. ചന്ദ്രശേഖരന്) മാണ്. ആ രംഗത്ത് അന്ന് നിറഞ്ഞു നിന്നത്. സ്വകാര്യ കോളജ് അദ്ധ്യാപക സംഘടനാ രംഗത്ത് ചരിത്രം സൃഷ്ടിച്ചവരായിരുന്നു ഇവര്‍.
കമ്മ്യൂണിസത്തോട് ചേര്‍ന്നു നിന്നതിനെകുറിച്ചും കമ്മ്യൂണിസത്തില്‍ നിന്ന് വിടപറഞ്ഞതിനെ കുറിച്ചും എം.ആര്.സി എഴുതിയിട്ടുണ്ട്. ലോക കമ്യൂണിസത്തേയും ഇന്ത്യന്‍ കമ്യൂണിസത്തേയും കേരള കമ്യൂണിസത്തേയും അദ്ദേഹം വിലയിരുത്തി. 1951 ലെ പൊതുതെരഞ്ഞെടുപ്പില്‍ വിയ്യൂര്‍ നിയമസഭാ മണ്ഡലത്തില്‍ കെ.കെ. വാര്യരുടെ ചീഫ് ഏജന്റായിരുന്നു എം.ആര്. ചന്ദ്രശേഖരന്. തെരഞ്ഞെടുപ്പില്‍ വാര്യര്‍ തോറ്റു. വിദ്യാര്‍ത്ഥി ഫെഡറേഷന് നേതാവായും പിന്നീട് പാര്‍ട്ടി തൃശ്ശൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായും അദ്ദേഹം സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. പിന്നീട് കോഴിക്കോട്ടെത്തുകയും മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അദ്ധ്യാപകനാകുകയും അദ്ധ്യാപക സംഘടനാ രംഗത്ത് സജീവമാവുകയും ചെയ്തു. 1983 ല്‍ സിപിഎം നിശ്ചയിച്ച പണിമുടക്കിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് എം.ആര്. ചന്ദ്രശേഖരന് പാര്‍ട്ടി അംഗത്വം ഇല്ലാതാകുന്നത്. അതിനെകുറിച്ച് അദ്ദേഹം എഴുതുന്നു ‘ആ നിലയില്‍ പാര്‍ട്ടിയില്‍ തുടരാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. സിപിഎം എന്നെ ശത്രുവായി കരുതുന്നു. ഉപദ്രവിക്കാവുന്നിടത്തോളം അവരെന്നെ ഉപദ്രവിക്കുന്നുണ്ട്.’
റഷ്യയിലെ കമ്മ്യൂണിസ്റ്റ് തകര്‍ച്ചയ്ക്ക് ശേഷം അവിടെ നിന്ന് പുറത്തുവന്ന കമ്മ്യൂണിസ്റ്റ് ക്രൂരതകളുടെ കഥകള്‍ ആ മനുഷ്യനെ വേട്ടയാടി. ‘റഷ്യയില്‍ മുമ്പും കഠിനകയ്യുകള് ഉണ്ടായിരുന്നു. അവയെപറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ സാമ്രാജ്യ അപവാദ പ്രചരണമായി വിശേഷിപ്പിക്കപ്പെട്ടു. അപ്പറഞ്ഞതത്രയും പരമാര്‍ത്ഥമായിരുന്നു എന്ന അറിവില്‍ എന്റെ കമ്യൂണിസ്റ്റ് വിശ്വാസത്തിന്റെ അടിത്തറ തകര്‍ന്നു’ വെന്ന് അദ്ദേഹം എഴുതി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതിയ എം.ആര്. ചന്ദ്രശേഖരന് പിന്നീട് 1961 ല്‍ രൂപീകരിക്കപ്പെട്ട കേരള സാഹിത്യ സമിതിയുടെ സംഘാടകനായി മാറി. എന്‍.വി. കൃഷ്ണവാര്യര്‍, എസ്.കെ. പൊറ്റെക്കാട്ട്, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, തുടങ്ങിയവരായിരുന്നു ഇതിന്റെ തലപ്പത്ത്. വയലാര്‍ രാമവര്‍മ്മയും എം.ആര്. ചന്ദ്രശേഖരനും ഇതിന്റെ ജോയിന്റ് സെക്രട്ടറിമാരായിരുന്നു. രാഷ്ട്രീയത്തേക്കാള്‍ സാഹിത്യമായിരുന്നു ഇതിന്റെ സമ്മേളനങ്ങളിലെ ചര്‍ച്ചാവിഷയം. കോഴിക്കോട്ടെ പ്രമുഖ എഴുത്തുകാരൊക്കെ ഇതിലുണ്ടായിരുന്നു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തില്‍ നിന്ന് വ്യത്യസ്തമായി സാഹിത്യ ആഭിമുഖ്യമായിരുന്നു ഇതിന്റെ പ്രത്യേകത. സാഹിത്യ സമിതി എന്ന മാസികയും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു.
മുണ്ടശ്ശേരിയോടൊപ്പം നവജീവന്‍ ദിനപത്രത്തിലും എന്‍.വി. കൃഷ്ണവാരിയരോടൊപ്പം മാതൃഭൂമിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. നല്ല സാഹിത്യ ആസ്വാദകനായിരുന്നു എം.ആര്. ചന്ദ്രശേഖരന്. കോഴിക്കോട്ടെ സാഹിത്യ കൂട്ടായ്മകളില്‍ പതിവുകാരനായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച് പിന്നീട് കടുത്ത കമ്മ്യൂണിസ്റ്റ് വിമര്‍ശകനായി അദ്ദേഹം മാറി. കമ്യൂണിസത്തെ നിലനിര്‍ത്താനുപയോഗിക്കുന്ന അക്കാദമികളെയും സാഹിത്യ സമിതികളെയും അദ്ദേഹം വിശേഷിപ്പിച്ചത് ദാനപീഠങ്ങള് എന്നായിരുന്നു. കമ്യൂണിസത്തിന്റെ കെടുതികള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടും അതില്‍ അടിമകളെപോലെ കഴിയുന്നവരെ അദ്ദേഹം ചവിട്ടുതിണ്ണകള് എന്നാണ് വിശേഷിപ്പിച്ചത്. കേരളത്തിന്റെ സാഹിത്യ ചരിത്രത്തിലും അദ്ധ്യാപക സംഘടനാ ചരിത്രത്തിലും എം.ആര്. ചന്ദ്രശേഖരന്റെ പേര് എന്നും നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: