ആലപ്പുഴ/ കോട്ടയം: ദേശീയ പാതയില്‍ കളര്‍കോട്ട് വാഹനാപകടത്തില്‍ മരിച്ച എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആയുഷ് ഷാജിക്കും ദേവനന്ദനും കണ്ണീരണിഞ്ഞ അന്ത്യയാത്ര. മുത്തച്ഛനും മുത്തശിക്കും സമീപമാണ് ആയുഷിന്റെ അന്ത്യവിശ്രമം. കോട്ടയം മറ്റക്കരയിലെ തറവാട്ടു വീട്ടില്‍ കളിച്ചുവളര്ച്ച മണ്ണില്‍ ദേവനന്ദനും.
അച്ഛന് ഷാജിയുടെ കുട്ടനാട് കാവാലം നെല്ലൂരിലെ കുടുംബ വീട്ടിലായിരുന്നു ആയുഷിന്റെ സംസ്കാരം. അച്ഛന്റെയും അമ്മ ഉഷയുടെയും സഹോദരി ജിഷയുടെയും കണ്ണീര് കണ്ടു നില്ക്കാന് കഴിയുന്നതായിരുന്നില്ല.
ആലപ്പുഴ വണ്ടാനം മെഡി. കോളജില്‍ നിന്ന് ആയുഷിന്റെ കൂട്ടുകാരും അദ്ധ്യാപകരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. രാവിലെ രാവിലെ 9.30ഓടെ ചടങ്ങുകള്‍ ആരംഭിച്ചു. കുടുംബാംഗങ്ങളെല്ലാം ആയുഷിന് അന്ത്യചുംബനം നല്കി. 11.15ന് സംസ്കാരം കഴിഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള മാതാപിതാക്കളും സഹോദരിയും ചൊവ്വാഴ്ച വൈകിട്ടാണ് അപകട വിവരം അറിഞ്ഞ് വീട്ടിലെത്തിയത്.
ഷാജിയുടെ കുടുംബം 22 വര്‍ഷമായി ഇന്‍ഡോറിലാണ് . പ്ലസ്ടു വരെ അവിടെയായിരുന്നു ആയുഷിന്റെ പഠനം. കേരളത്തില്‍ എംബിബിഎസിന് പഠിക്കാനായിരുന്നു ആഗ്രഹം. പഠനവും പ്രവേശനപരീക്ഷ എഴുതിയതും കാവാലത്തെ നെല്ലൂര്‍ വീട്ടില്‍ നിന്നായിരുന്നു.
പരീക്ഷയില്‍ വിജയിച്ച് മെറിറ്റ് സീറ്റില്‍ കോട്ടയം മെഡി. കോളജിലും തൃശ്ശൂരും എംബിബിഎസിന് പ്രവേശനം ലഭിച്ചപ്പോഴും ആലപ്പുഴ വണ്ടാനം മെഡി. കോളജുതന്നെ പഠനത്തിനായി തിരഞ്ഞെടുത്തതും കാവാലത്തെ വീട്ടില്‍നിന്നു പഠിക്കാനായിരുന്നു. ഒരാഴ്ച മുന്‍പ് അവസാനമായി വീട്ടിലെത്തിയ ആയുഷ് കൊച്ചച്ഛന് സുരേഷിനോട് ക്രിസ്മസ് അവധിക്ക് വീണ്ടുമെത്താമെന്നു പറഞ്ഞാണ് തിരികെപ്പോയത്. പക്ഷെ മടക്കം ചേതനയറ്റായിരുന്നു.
ദേവനന്ദന്റെ സംസ്കാരം മറ്റക്കര പൂവക്കുളത്ത് (അശ്വതിവിലാസം) വീട്ടില്‍ ഉച്ചകഴിഞ്ഞാണ് നടന്നത്. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വന്‍ ജനാവലി അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.
ഓണത്തിന് വന്നുമടങ്ങുമ്പോള്‍ മുത്തശ്ശനും മുത്തശ്ശിക്കും ദേവനന്ദന് വാക്കുനല്കിയിരുന്നു, ഇനി ക്രിസ്മസിനെത്താമെന്ന്. എന്നാല്‍ ക്രിസ്മസെത്തും മുമ്പേ അവര്‍ക്ക് മുന്നിലേക്ക് അവനെത്തി, ചേതനയറ്റ്. ആരോടും യാത്ര പറയാതെ, ദേവനന്ദനെന്ന മിടുക്കന് യാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: