കൊല്ലം: കൊല്ലം ചെമ്മാംമുക്കില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊട്ടിയം തഴുത്തല തുണ്ടില്‍ മേലേതില്‍ വീട്ടില്‍ അനിലയാണ് (44) കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് പത്മരാജന് (55) സംഭവശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
തെളിവെടുപ്പിനിടെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങള്‍ പോലീസിനോട് ഇയാള്‍ വിശദീകരിച്ചു. ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. പെട്രോള്‍ സൂക്ഷിച്ചിരുന്ന സ്റ്റീല്‍ പാത്രം ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബേക്കറി നടത്തുന്ന അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്ന സ്ഥാപനത്തിലെ ജീവനക്കാരന് സണ്ണി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അനിലയുടെ മൃതദേഹം തഴുത്തലയിലെ വീട്ടിലെത്തിച്ച് സംസ്കാരം നടത്തി. കൊലയ്ക്ക് കാരണം സംശയരോഗമാണെന്നാണ് എഫ്ഐആറില്‍. അനിലയേയും ബിസിനസ് പങ്കാളിയായ ഹനീഷിനെയും കൊലപ്പെടുത്താനാണ് പദ്ധതിയിട്ടത്. ഇവരുടെ സൗഹൃദം പത്മരാജന് ഇഷ്ടമില്ലായിരുന്നു. കാറില്‍ ബേക്കറി ജീവനക്കാരന് ആണ് ഉള്ളതെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രതി പറഞ്ഞതായി എഫ്ഐആറില്‍ പറയുന്നു. അനിലയെ കൊല്ലാന്‍ പത്മരാജന് പെട്രോള്‍ വാങ്ങിയത് തഴുത്തലയില്‍ നിന്നാണ്. 300 രൂപയ്ക്ക് ആണ് പെട്രോള്‍ വാങ്ങിയത്. അനില ബേക്കറിയില്‍ നിന്ന് ഇറങ്ങിയത് മുതല്‍ നിരീക്ഷിച്ചിരുന്നു. ചെമ്മാംമുക്കില്‍ എത്തിയപ്പോള്‍ അനിലയുടെ കാറിലേക്ക് പത്മരാജന് കാര്‍ ചേര്‍ത്ത് നിര്‍ത്തി പെട്രോള്‍ ഒഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: