മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ഗോവന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ പുറത്ത്. മോശം ഫോമിനെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്. കേരളത്തിനെതിരായ മത്സരത്തിനു പുറമെ, ചൊവ്വാഴ്ച മഹാരാഷ്‌ട്രക്കെതിരായ മത്സരത്തിലും താരത്തെ കളിപ്പിച്ചിരുന്നില്ല.
ഐപിഎല്‍ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപക്കാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തത്. മുഷ്താഖ് അലി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ നാലു ഓവറില്‍ 48 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചില്ല. ബാറ്റിങ്ങിലും നിരാശപ്പെടുത്തി. ഒമ്പത് റണ്‍സ് മാത്രമാണ് സമ്പാദ്യം. മത്സരത്തില്‍ ഗോവ ദയനീയമായി പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ മൂന്നു ഓവറില്‍ 19 റണ്‍സ് മാത്രമാണ് വഴങ്ങിയതെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ആന്ധ്രാപ്രദേശിനെതിരായ മൂന്നാം മത്സരത്തില്‍ 3.4 ഓവര്‍ പന്തെറിഞ്ഞ താരം 36 റണ്‍സ് വഴങ്ങി, വിക്കറ്റൊന്നും നേടാനായില്ല. നാലു മത്സരങ്ങളും തോറ്റ ഗോവ ഗ്രൂപ്പ് ഇയില്‍ ആറാം സ്ഥാനത്താണ്.
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരമായിരുന്നു അര്‍ജുന്‍ കളിക്കാന്‍ അവസരം ലഭിക്കാതെ വന്നതോടെയാണ് ഗോവയിലേക്ക് മാറിയത്. താരത്തിന്റെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ പ്രകടനവും അത്ര മികച്ചതല്ല. 17 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്ന് 532 റണ്‍സും 37 വിക്കറ്റുമാണ് അര്‍ജുന്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: