Kerala

കലാമണ്ഡലത്തിലെ പ്രതിസന്ധി അതിരൂക്ഷം; വാശിക്ക് നിയമിച്ച മല്ലികയെ തള്ളാനും കൊള്ളാനും വയ്യ

തൃശ്ശൂര്‍: കേരള കലാമണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരള കലാമണ്ഡലം 28 യുജിസി പ്രൊഫസര്‍മാരെ നിയമിക്കാന്‍ നീക്കം നടത്തുന്നുന്നത് ദുരൂഹതയുണര്‍ത്തുന്നു. ശമ്പളം നല്കാന്‍ കഴിയാതെ താത്കാലിക അദ്ധ്യാപകരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതിനിടെയാണ് ഈ നീക്കവും.

കലാമണ്ഡലം വെബ്സൈറ്റില്‍ ഇതിനായി അപേക്ഷ സമര്‍പ്പിച്ചവരുടെ ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിനടുത്തും കൂടുതലും ശമ്പളം കൊടുക്കേണ്ട തസ്തികകളാണിവ. നിയമനം നടന്നാല്‍ ഒരു വര്‍ഷം മൂന്നു കോടിയോളം അധികച്ചെലവ് വരും. സ്ഥിരനിയമനം നടത്തേണ്ടത് ആവശ്യമെങ്കിലും ഈ സാമ്പത്തികപ്രതിസന്ധിഘട്ടത്തില്‍ വേണോ എന്നചോദ്യമാണ് ഉയരുന്നത്.

തത്ക്കാലം ഇരുപതിനായിരം വാങ്ങുന്ന താത്ക്കാലികക്കാരുമായി മുന്നോട്ടു പോകട്ടേയെന്നു വയ്‌ക്കണം. അല്ലെങ്കില്‍ സാമ്പത്തികപ്രതിസന്ധി ഇതിനേക്കാള്‍ കൂടുതല്‍ രൂക്ഷമാകാനാണു സാധ്യത. കലാമണ്ഡലം മുന്‍ രജിസ്ട്രാറായ ഡോ.എന്‍.ആര്‍. ഗ്രാമപ്രകാശ് അഭിപ്രായപ്പെടുന്നു. അല്ലെങ്കില്‍ സ്ഥിര നിയമനക്കാര്‍ക്കും ശമ്പളം മുടങ്ങും.

കലാമണ്ഡലം നേരിടുന്ന വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണവും പുനഃസംഘാടനവും അനിവാര്യമെന്നാണ് ഇടത് സഹയാത്രികനായ ഗ്രാമപ്രകാശിന്റെ അഭിപ്രായം. സ്ഥാപനത്തിന്റെ തനതു വരുമാനം കലാപരിപാടികളാണ്. അതിനു ലഭിക്കുന്ന പ്രതിഫലത്തിന്റെ പകുതി ജീവനക്കാര്‍ക്കു വീതിക്കുന്നതാണു പതിവ്. ശമ്പളം കുറവായിരുന്ന മൂന്നു പതിറ്റാണ്ടു മുന്‍പത്തെ സമ്പ്രദായമാണിത്. അനധികൃത നിയമനങ്ങളും ഇഷ്ടക്കാരെ തിരുകിക്കയറ്റലും നിര്‍ത്തണം. ക്ലാസുകളും കളരികളും ആശാന്മാര്‍ നിയന്ത്രിക്കുമെന്നിരിക്കെ ഓഫീസിലെ പത്തിരുപതു ജീവനക്കാരെ നിയന്ത്രിക്കാന്‍ വിസി,രജിസ്ട്രാര്‍ തുടങ്ങി ഒരു ഡസനോളം തസ്തികകള്‍.

കാലിക്കറ്റിലോ കേരള യൂണിവേഴ്‌സിറ്റിയിലോ നിറയെ സ്ഥാപനങ്ങളും മൂവായിരത്തിലേറെ ഉദ്യോഗസ്ഥരുമുള്ളിടത്തെ വിസി, രജിസ്ട്രാര്‍ എന്നിവര്‍ വാങ്ങുന്ന അതേ ശമ്പളമാണ് ഇവരും വാങ്ങുന്നത്. ഇതുകൂടാതെയാണ് ചാന്‍സലറുടെ ശമ്പളമായ മൂന്ന് ലക്ഷം.

ഒ.എന്‍.വി. ചെയര്‍മാനായിരിക്കെ കലാമണ്ഡലം നടത്തിക്കൊണ്ടു പോകാന്‍ യുജിസി ഫണ്ടിങ് അടക്കം സ്വന്തമായ വരുമാനമുണ്ടാക്കല്‍ ലക്ഷ്യം വച്ചിരുന്നു. 18 കൊല്ലമായി ഒന്നും സംഭവിച്ചിട്ടില്ല. പത്തു പൈസ പുറം വരുമാനമില്ല. വിദേശത്തും ഉത്തരേന്ത്യയിലും ധാരാളം പരിപാടികള്‍ തന്റെ മേല്‍വിലാസത്തില്‍ കിട്ടുമെന്ന് ധരിപ്പിച്ചാണ് ചാന്‍സലര്‍ മല്ലിക സാരാഭായ് ലക്ഷങ്ങള്‍ പ്രതിഫലം ആവശ്യപ്പെട്ടത്. ഗവര്‍ണറോടുള്ള ഈഗോ തീര്‍ക്കാനാണ് മല്ലികയെ സര്‍ക്കാര്‍ ചാന്‍സലറാക്കിയത്.

ഗവര്‍ണര്‍ക്ക് ഒരു രൂപ പോലും കലാമണ്ഡലം നല്‌കേണ്ടതില്ലായിരുന്നു. ഇപ്പോള്‍ പ്രതിവര്‍ഷം 36 ലക്ഷമാണ് മല്ലികയ്‌ക്ക് നല്കുന്നത്. ഇതിനു പുറമേ അവരുടെ യാത്ര,താമസച്ചെലവുകളും. വാശിക്ക് നിയമിച്ച മല്ലികയെ തള്ളാനും കൊള്ളാനും വയ്യാതെ ശ്വാസംമുട്ടുകയാണ് കലാമണ്ഡലം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക