ന്യൂദല്‍ഹി: മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടും പോലെ ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്‍ന്നിട്ടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി പങ്കജ് ചൗധരി. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഏഷ്യന്‍ രാജ്യങ്ങളിലെ മറ്റ് കറന്‍സികള്‍ എടുത്ത് പരിശോധിച്ചാല്‍ അക്കൂട്ടത്തില്‍ മികച്ച പ്രകടനം നടത്തുന്ന കറന്‍സിയാണ് ഇന്ത്യന്‍ രൂപ. 2024 ജനവരി മുതലുള്ള കാലം പരിശോധിച്ചാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 1.4 ശതമാനമാണ് ഇടിഞ്ഞത്. ഇത്ര ഇടിഞ്ഞെങ്കിലും ഇന്നും ഏഷ്യയിലെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കറന്‍സി തന്നെയാണ് ഇന്ത്യന്‍ രൂപയെന്നും പങ്കജ് ചൗധരി പറയുന്നു.
ഏഷ്യയിലെ മറ്റ് കറന്‍സികളുമായി ഇന്ത്യന്‍ രൂപയെ താരതമ്യം ചെയ്യുമ്പോള്‍ ഇത് മനസ്സിലാകും. ജപ്പാന്റെ യെന്‍ ഇക്കാലയളവില്‍ ഡോളറുമായുള്ള വിനിമയ നിരക്കില്‍ 8.8 ശതമാനത്തോളം ഇടിഞ്ഞു. തെക്കന്‍ കൊറിയയുടെ വണ്‍ എന്ന കറന്‍സിയുടെ മൂല്യം ഡോളറിനെതിരെ 2024 ജനവരി മുതല്‍ നവമ്പര്‍ വരെ ഏകദേശം 7.5 ശതമാനത്തോളം ഇടിഞ്ഞു. അതുപോലെ ജി10 രാജ്യങ്ങളിലെ കറന്‍സികളെല്ലാം തന്നെ ഡോളറിനെതിരെ 4 ശതമാനത്തോളം വിനിമയ നിരക്കില്‍ കൂപ്പുകുത്തി. ലോകത്തിലെ 11 മുന്‍നിര വ്യാവസായികരാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജി10 ഗ്രൂപ്പ്. ഇവരുടെ കറന്‍സിയില്‍ കനേഡിയന്‍ ഡോളര്‍, യൂറോ, ന്യൂസിലാന്റ് ഡോളര്‍, നോര്‍വ്വെയുടെ ക്രോണ്‍, സ്വീഡന്റെ ക്രോണ, സ്വിറ്റ്സര്‍ലാന്റിന്റെ ഫ്രാങ്ക് എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍ ബ്രിട്ടന്റെ പൗണ്ട് മാത്രമാണ് ഇത്രത്തോളം തകര്‍ച്ച നേരിടാത്ത ഏക കറന്‍സി.
ഡിസംബര്‍ രണ്ടിന് രൂപയുടെ മൂല്യം ഡോളറിന് 84.70 എന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അല്പം പതുക്കെയാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഇടിവ്.
എന്തായാലും രൂപയുടെ വിലയിടിവിന് കാരണം അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെടുന്നതിനാലാണ്. 2024ല്‍ ജനവരി മുതല്‍ നവമ്പര്‍ വരെയുള്ള കണക്കെടുത്താല്‍ ഡോളര്‍ സൂചികയില്‍ 4.8 ശതമാനത്തിന്റെ ഇടിവ് കണ്ടെത്തിയിരുന്നു. നവമ്പര്‍ 22ന് ഡോളറിന്റെ നിലവാരം കഴിഞ്ഞ ഒരു വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍- 108.70ല്‍ എത്തിയിരുന്നു. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള എമര്‍ജിംഗ് വിപണിക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. -പങ്കജ് ചൗധരി പറയുന്നു. മധ്യേഷ്യയിലെ ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും യുഎസ് തെരഞ്ഞെടുപ്പിലെ അനിശ്ചിതാവസ്ഥയും റഷ്യ-ഉക്രൈന് സംഘര്‍ഷങ്ങളും എല്ലാം ഡോളര്‍ ശക്തിപ്പെടുന്നതിന് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര ചരക്ക് (കമ്മോഡിറ്റി) വിലയുടെ മാറ്റങ്ങള്‍ ആഭ്യന്തരവിപണിയിലേക്ക് സംക്രമിക്കുമ്പോഴാണ് ഇന്ത്യന്‍ കറന്‍സിയുടെ വിനിമയ നിരക്കില്‍ ഇടിവുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പങ്കജ് ചൗധരി
ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ചില്‍ നിന്നുള്ള ബിജെപി എംപിയാണ് ഇപ്പോള്‍ കേന്ദ്രധനകാര്യ സഹമന്ത്രിയായ പങ്കജ് ചൗധരി. 1991 മുതല്‍ ലോക് സഭാംഗമായിരുന്നിട്ടുണ്ട്. 1991, 1996, 1998, 2004 ലോക് സഭാതെരഞ്ഞെടുപ്പുകളില് ജയിച്ച് പാര്‍ലമെന്റിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: