പ്രയാഗ്‌രാജ് : അടുത്ത വർഷം നടക്കാൻ പോകുന്ന മഹാകുംഭമേള സന്ദർശിക്കുന്ന ഭക്തർക്ക് സുഖപ്രദമായ താമസം പ്രയാഗ്‌രാജിൽ ഒരുക്കും. ഇതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രകൃതിദത്ത കുടിലുകളും കൂടാരങ്ങളും നിർമ്മിക്കുമെന്ന് പ്രയാഗ്‌രാജ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിവേക് ചതുർവേദി അറിയിച്ചു.
ഏകദേശം 2000 ടെൻ്റുകൾ നിർമ്മിക്കുമെന്നും ആളുകൾക്ക് സുഖപ്രദമായ താമസത്തിനായി ഇവ ബുക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ മറ്റ് മേഖലകളിലും ഞങ്ങൾ 400 ടെൻ്റുകളുടെ ഒരു കൂടാര നഗരം കൊണ്ടുവരുന്നുണ്ടെന്നും ചതുർവേദി പറഞ്ഞു. ടെൻ്റുകളിൽ എല്ലാ സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് എഡിഎം അറിയിച്ചു.
ആഗമാൻ, കുംഭ് ക്യാമ്പ് ഇന്ത്യ, ഋഷികുൽ കുംഭ് കോട്ടേജ്, കുംഭ് വില്ലേജ്, കുംഭ് ക്യാൻവാസ്, എറ എന്നീ ആറ് പ്രധാന പങ്കാളികളുമായി സഹകരിച്ച് ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ ടെൻ്റുകൾ ലോകോത്തര നിലവാരത്തിലായിരിക്കും നിർമിക്കുക.
വില്ല, മഹാരാജ, സ്വിസ് കോട്ടേജ്, ഡോർമിറ്ററി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ടെൻ്റ് സിറ്റിയിൽ താമസസൗകര്യം ലഭിക്കും, പ്രതിദിനം 1,500 മുതൽ 35,000 രൂപ വരെയാണ് വാടക. അധിക അതിഥികൾക്ക് (ഡോർമിറ്ററികൾ ഒഴികെ) 4,000 രൂപ മുതൽ 8,000 രൂപ വരെ അധിക ചാർജുകൾ ബാധകമാകും. 75 രാജ്യങ്ങളിൽ നിന്നായി പ്രതീക്ഷിക്കുന്ന 45 കോടി സന്ദർശകരെ തൃപ്തിപ്പെടുത്താനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ടെൻ്റ് സിറ്റി വികസിപ്പിക്കുന്നത്. 45 കോടി തീർഥാടകർ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ടെൻ്റുകൾ ജനുവരി 1 മുതൽ മാർച്ച് 5 വരെ ലോകോത്തര നിലവാരത്തിലുള്ള താമസ സൗകര്യങ്ങൾ പ്രദാനം ചെയ്യും. സന്ദർശകർക്ക് യുപിഎസ്ടിഡിസി വെബ്‌സൈറ്റ് വഴിയോ മഹാകുംഭ് ആപ്പ് വഴിയോ താമസസൗകര്യം ബുക്ക് ചെയ്യാമെന്ന് അറിയിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക