ന്യൂഡല്‍ഹി : ഓര്‍ത്തഡോക്സ് -യാക്കോബായ സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി കടുത്ത മുന്നറിയിപ്പാണ് സഭകള്‍ക്ക് നല്‍കിയത്. 2017ലെ വിധി പുനപരിശോധിക്കുന്ന പ്രശ്നമില്ലെന്ന് കോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. പള്ളികള്‍ പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള ഉത്തരവ് കോടതിക്ക് പുറപ്പെടുവിക്കാന്‍ കഴിയുമെന്നും അതിനിടവരുത്തരുതെന്നുമുള്ള പ്രഖ്യാപനമാണ് കോടതി നടത്തിയത്. ഉത്തരവ് അനുസരിക്കാത്ത സാഹചര്യമുണ്ടായാല്‍ പള്ളികളുടെ പൂര്‍ണ്ണ ചുമതല സര്‍ക്കാരിനു നല്‍കും. അക്കൗണ്ട് ഉള്‍പ്പെടെ സര്‍ക്കാര്‍ പരിശോധിക്കുന്ന നില വരും എന്നും കോടതി പറഞ്ഞു. ഇതിനേക്കാള്‍ പ്രധാനം, പണം എവിടെ നിന്ന് വരുന്നു എന്നുള്ള അന്വേഷണവും ഉണ്ടാകും എന്നുള്ള മുന്നറിയിപ്പാണ്.
ആറു പള്ളികള്‍ സംബന്ധിച്ച ഉത്തരവ് ഇത്രയും കാലമായിട്ടും നടപ്പാക്കാന്‍ കഴിയാതിരുന്ന സാഹചര്യമാണ് സുപ്രീംകോടതി വിലയിരുത്തിയത്.ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴെല്ലാം സംഘര്‍ഷം സൃഷ്ടിക്കുകയും കൈമാറ്റം തടയപ്പെടുകയുമാണ് ഉണ്ടായത്. മേലില്‍ അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.
വിധി ഒരര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസമാണ്.പള്ളി കൈമാറ്റം സുപ്രീംകോടതിയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ നടക്കും എന്നതാണ് ആശ്വാസത്തിന് കാരണം.ഇനി ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: