ലഖ്നൗ: ആഗോളതലത്തില്‍ ബിസിനസില്‍ പ്രശസ്തരായ മൂന്ന് പേര് അവരുടെ ജീവിതത്തിന്റെ പ്രതിസന്ധി കാലത്ത് വെളിച്ചം തേടിയത് ഭാരതത്തിലെ ഒരു സന്യാസിയില്‍ നിന്നാണ്. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലെ നീം കരോലി ബാബ എന്ന ഒരു സാധാരണ സാധുവില്‍ നിന്ന്. ഈ മുന്ന് പേര് ആരൊക്കെയെന്നോ? ആപ്പിള്‍ കമ്പ്യൂട്ടേഴ്സിന്റെ സ്റ്റീവ് ജോബ്സ്, ഫെയ്സ്ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, പിന്നെ ട്വിറ്ററിന്റെ സ്ഥാപകന്‍ ജാക് ഡോര്‍സി എന്നിവര്‍.
സ്റ്റീവ് ജോബ്സ്
ജീവിതത്തില്‍ സാങ്കേതികവിദ്യ മടുത്തപ്പോള്‍ അതിനപ്പുറത്തുള്ള ഉത്തരം തേടി ഇന്ത്യയില്‍ എത്തിയതാണ് ആപ്പിള്‍ കംപ്യൂട്ടേഴ്സിന്റെ സ്റ്റീവ് ജോബ്സ്, ആശ്രമത്തില്‍ എത്തുമ്പോഴേക്കും നീം കരോലി ബാബ മരണപ്പെട്ടിരുന്നു. പക്ഷെ ജോബ്സ് അല്പനാള് ആശ്രമത്തില്‍ കഴിഞ്ഞു. അവിടുത്തെ പ്രശാന്തതയില്‍, നീം കരോലി ബാബയുടെ ശിഷ്യരില്‍ നിന്നും അദ്ദേഹം ജീവിതത്തിലെ ആനന്ദത്തിന്റെ വഴി തിരിച്ചറിഞ്ഞു. അവിടെ നിന്നാണ് ആപ്പിളിന്റെ ഡിസൈനെക്കുറിച്ചുള്ള ദര്‍ശനം സ്റ്റീവ് ജോബ്സിന് കിട്ടിയത്. “ജീവിതത്തില്‍ ലാളിത്യവും ഏകാഗ്രതയുമാണ് വേണ്ടതെന്ന് മനസ്സിലായി. എന്റെ കാഴ്ചപ്പാടില്‍ കൂടുതല്‍ തെളിച്ചം കിട്ടിയത് ആശ്രമത്തില്‍ നിന്നാണ്. “- അന്തരിച്ച സ്റ്റീവ് ജോബ്സ് പറഞ്ഞ വാക്കുകളാണിത്.
മാര്‍ക്ക് സക്കര്‍ബര്‍ഗ്
ജീവിതത്തില്‍ വെല്ലുവിളികള്‍ വന്നാല്‍ ആത്മീയമായ വഴി തേടാന്‍ പറ്റിയ ഒരു ഇടം ഇന്ത്യയിലുണ്ടെന്നും അത് നീം കരോലി ബാബ ആണെന്നും സ്റ്റീവ് ജോബ്സാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന് പറഞ്ഞുകൊടുത്തത്. ഫെയ്സ് ബുക്ക് അതിവേഗം വളരുമ്പോള്‍ അനുഭവിക്കേണ്ടി വന്ന മാനസികസമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷ തേടിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇന്ത്യയില്‍ നീം കരോലി ബാബയുടെ ആശ്രമത്തില്‍ എത്തിയത്. “ഫെയ്സ് ബുക്കിന്റെ വളര്‍ച്ചയുടെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ സഹായകരമായത് നീം കരോലി ബാബയുടെ ആശ്രമമായിരുന്നു. ലോകവുമായി ബന്ധം സ്ഥാപിക്കാന്‍ ഫെയ്സ്ബുക്ക് അത്യാവശ്യമാണെന്ന കാഴ്ചപ്പാടില്‍ ഞാന്‍ എത്തിയത് ഈ ആശ്രമത്തില്‍ നിന്നും പകര്‍ന്നുകിട്ടിയ ദിശാബോധത്തില് നിന്നാണ്. “- സക്കര്‍ബര്‍ഗിന്റെ വാക്കുകള്‍.
ജാക് ഡോര്‍സി
നീം കരോലി ബാബ പറഞ്ഞുകൊടുത്ത രീതിയിലുള്ള ധ്യാനമാണ് താന്‍ പരിശീലിക്കുന്നതെന്നാണ് ട്വിറ്റര്‍ സ്ഥാപകനായ ജാക് ഡോര്‍സി പറയുന്നത്. നീം കരോലി ബാബയുടെ ആശ്രമത്തില്‍ താന്‍ നേരിട്ട് സന്ദര്‍ശിച്ചതിന്റെ കഥകളൊന്നും ഇതുവരെയും ജാക് ഡോര്‍സി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും നീം കരോലി ബാബയുടെ ദര്‍ശനങ്ങളാണ് ജാക് ഡോര്‍സിക്ക് വഴികാട്ടിയത്. ഉള്ളിലെ സമാധാനവും ആത്മീയജ്ഞാനവും ലഭിച്ചത് നീം കരോലി ബാബയുടെ ധ്യാനശൈലിയില് നിന്നാണെന്നും ജാക് ഡോര്‍സി പറയുന്നു. ജാക് ഡോര്‍സിയുടെ നേതൃശൈലിയും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവും ലഭിച്ചത് നീം കരോലി ബാബ നിര്‍ദേശിച്ച മൈന്ഡ്ഫുള്നെസ് എന്ന മാര്‍ഗ്ഗത്തിലൂടെയാണെന്നും ജാക് ഡോര്‍സി പറഞ്ഞിട്ടുണ്ട്.
പേര് വന്നതിന് പിന്നില്‍
ആധുനിക കാലത്ത് കൂടുതല്‍ സന്തുലിതമായ ജീവിതം നയിക്കാനുള്ള വഴികള്‍ പറഞ്ഞുകൊടുക്കുന്നതിന് മിടുക്കനായിരുന്നു നീം കരോലി ബാബ. ബാബ ലക്ഷ്മണ് ദാസാണ് പിന്നീട് നീം കരോലി ബാബ ആയി മാറിയത്. ഫറൂഖാബാദിലെ നീം കരോലി എന്ന റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിതിന് ശേഷം അദ്ദേഹം എങ്ങോട്ടും പോയില്ല. അതിന് ശേഷമാണ് അദ്ദേഹം നീം കരോലി ബാബയായി മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: