ന്യൂഡല്‍ഹി : ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും പരാജയത്തില്‍ മറ്റു കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സുപ്രീംകോടതിയുടെയും തീരുമാനങ്ങള്‍ക്കെതിരെ വ്യാപക പ്രചാരണവുമായി രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു .കോണ്‍ഗ്രസ് അനുകൂല പത്രങ്ങളുടെ പ്രീപോള്‍ സര്‍വേകളില്‍ വിശ്വസിച്ച് വിജയം കാത്തിരുന്ന കോണ്‍ഗ്രസിന് ഈ രണ്ടു സംസ്ഥാനങ്ങളില്‍ കനത്ത പരാജയമാണ് നേരിട്ടത്. ജനം തങ്ങളെ തിരസ്കരിച്ചുവെന്ന് വിശ്വസിക്കാന്‍ ഇനിയും അവര്‍ക്കു കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വോട്ടിംഗ് യന്ത്രത്തെ പ്രതിസ്ഥാനത്ത് അവരോധിച്ച് അടുത്ത നിഴല്‍ യുദ്ധത്തിന് കോണ്‍ഗ്രസ് കച്ച കെട്ടുന്നത്. അടുത്ത തെരഞ്ഞെടുപ്പുവരെ അണികളെ പിടിച്ചു നിര്‍ത്താന്‍ മറ്റു മാര്‍ഗങ്ങള്‍ പാര്‍ട്ടി കാണുന്നില്ല.
വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള ആരോപണം സാങ്കേതിക തെളിവുകള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയതാണ്. ഇതേതുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഉയര്‍ത്തിയത്. ഇവിഎമ്മിനെ കുറിച്ചുള്ള കോണ്‍ഗ്രസിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു. സ്വതന്ത്ര സംവിധാനങ്ങളായ തെരഞ്ഞെടുപ്പ് കമ്മീഷനും പരമോന്നത കോടതിയും തള്ളിയ വാദഗതികളുമായി പൊതുജനങ്ങള്‍ക്കിടയിലേയ്ക്ക് വീണ്ടും ഇറങ്ങുന്നത് പാര്‍ട്ടിയെ എത്രമാത്രം പരിഹാസ്യമാക്കുമെന്ന വസ്തുത കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: