ന്യൂഡൽഹി: സിഖ് സമുദായത്തെ അപമാനിച്ച കേസിലെ പ്രതിയെ അനുകൂലിച്ച് കേസ് പിൻവലിക്കാൻ നടപടിയെടുത്തെന്നാരോപിച്ച് മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിക്ക് വിചിത്ര ശിക്ഷ. പഞ്ചാബ് മുൻ ഉപ മുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദലിനാണ് സിഖ് പുരോഹിതൻമാരുടെ ഏറ്റവും ഉയർന്ന സമതിയായ ‘അകാൽ തഖ്ത്’ ശിക്ഷ വിധിച്ചത്. അമൃത്സറിലെ സുവർണ ക്ഷേത്രം ഉൾപ്പടെയുള്ള ഗുരുദ്വാരകളുടെ അടുക്കളുകളും ശുചിമുറികളും വൃത്തിയാക്കണമെന്നാണ് വിധി.
തെറ്റുകൾ ഏറ്റുപറഞ്ഞ ബാദൽ, നിരുപാധികം ക്ഷമാപണം നടത്തുകയും ശിക്ഷ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.2015ൽ മന്ത്രിസഭാംഗങ്ങളായിരുന്ന അകാലിദൾ നേതാക്കൾക്കും കോർ കമ്മിറ്റി അംഗങ്ങൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. സുവർണക്ഷേത്രത്തിലെ ശൗചാലയങ്ങൾ ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് 12 മുതൽ ഉച്ചയ്ക്ക് 1 വരെ വൃത്തിയാക്കണം. ഇതിനുശേഷം കുളിച്ച് ലങ്കാറിൽ വിളമ്പണം.
കയ്യിൽ കുന്തം കരുതി കഴുത്തിൽ പ്ലക്കാർഡ് ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ ബാദൽ രണ്ട് ദിവസം ഡ്യൂട്ടി നിൽക്കണം. ഭക്ഷണശാലയിൽ ഒരു മണിക്കൂർ നേരം പാത്രങ്ങൾ കഴുകണമെന്നും അകാൽ തഖ്ത് ഉത്തരവിട്ടു. ദേര സച്ച സൗദ അദ്ധ്യക്ഷനായ ഗുർമീത് റാം റഹീം സിഖ് സമുദായത്തെ അപമാനിച്ചെന്ന കേസിൽ റഹീമിനെ അനുകൂലിക്കുകയും കേസ് പിൻവലിക്കാൻ നടപടിയെടുക്കുകയും ചെയ്തതിനാണ് ബാദലിനെതിരെ അകാൽ തഖ്ത് നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: