തിരുവനന്തപുരം: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന വ്യാപകമായ ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം ഇന്നു മുതല്‍. ഇന്നും നാളെയും വ്യാഴാഴ്ചയുമായി (3, 4, 5 തീയതികളില്‍) ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തിനും പൊതു സമ്മേളനത്തിനും ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി നേതൃത്വം നല്‍കുമെന്ന് കണ്‍വീനര്‍ കെ.പി. ഹരിദാസ് അറിയിച്ചു.
തിരുവനന്തപുരത്ത് ഇന്നു വൈകിട്ടാണ് പ്രതിഷേധം. വൈകിട്ട് 5.30ന് പ്രസ്ക്ലബ് പരിസരത്തു നിന്നാരംഭിക്കുന്ന പ്രകടനം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ സംസാരിക്കും.
ബംഗ്ലാദേശില്‍ അടുത്തിടെ നടന്ന അക്രമങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട നിരവധി പേര് കൊല്ലപ്പെട്ടു. സ്ത്രീകളെ മാനഭംഗം ചെയ്തു. ഇരുനൂറിലധികം ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്തു. ഹിന്ദുക്കളുടെ കടകളും കൃഷിയിടങ്ങളും ഗോശാലകളും ആക്രമിച്ചു. ആഗസ്ത് ആദ്യം പ്രധാനമന്ത്രി ബീഗം ഖലീദ സിയയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും മുഹമ്മദ് യൂനുസ് ഉപദേശകനായ പുതിയ സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരത്തില്‍ വരികയും ചെയ്തതോടെയാണ് ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമം വര്‍ദ്ധിച്ചത്. ഈ അക്രമണങ്ങളോട് നിസംഗത പാലിക്കുകയാണ് അവിടത്തെ ഭരണകൂടം ചെയ്യുന്നത്. നേരത്തെ ബംഗ്ലാദേശിന്റെ വിമോചന സമരത്തിന് ഭാരതമാണ് എല്ലാ പിന്തുണയും നല്‍കിയത്.
അന്ന് ബംഗ്ലാദേശിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് പാകിസ്ഥാന് പട്ടാളത്തിന് ഒത്താശ ചെയ്തുകൊടുത്ത ജമാഅത്തെ ഇസ്ലാമിയെപോലുള്ള മതഭീകര സംഘടനകളാണ് ന്യൂ
നപക്ഷങ്ങള്ക്ക് നേരെയുള്ള ആക്രമണത്തിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.
നേരത്തെ തന്നെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ ബംഗ്ലാദേശി ഹിന്ദു ബൗദ്ധോ ക്രിസ്ത്യന്‍ ഐക്യ പരിഷദിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അവഗണനയ്ക്കും അക്രമങ്ങള്‍ക്കുമെതിരെ സംഘടിച്ചിരുന്നു. ഹിന്ദുക്കളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ഢാക്ക, ചിറ്റഗോങ്, രംഗപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈയിടെ ന്യൂനപക്ഷങ്ങളുടെ കൂറ്റന്‍ റാലികള്‍ നടന്നിരുന്നു. ഇതിന് നേതൃത്വം നല്കിയ സ്വാമി ചിന്മയോ കൃഷ്ണദാസിനെ ബംഗ്ലാദേശ് ഭരണകൂടം കള്ളക്കേസുകള്‍ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. കൃഷ്ണാവബോധത്തിനായി പ്രവര്‍ത്തിക്കുകയും ഒട്ടനവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇസ്കോണ്‍ പോലുള്ള സംഘടനകളെ നിരോധിക്കാനാണ് പുതിയ ബംഗ്ലാദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങളാണ് ഹിന്ദുക്കളുള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബംഗ്ലാദേശില്‍ നടക്കുന്നത്. ഇയൊരു പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് കെ.പി. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: