Kerala

‘പുതിയ എഴുത്തുകാരുടേത് പിടക്കോഴിയുടെ വിധിയാണ്; എന്തെങ്കിലും എഴുതിക്കഴിഞ്ഞാലുടന്‍ സ്വയം വിളിച്ചു കൂവുന്നു’: കവി എസ്.ജോസഫ്

Published by

കോട്ടയം: ഇന്നത്തെ പുതിയ എഴുത്തുകാരുടേത് പിടക്കോഴിയുടെ വിധിയാണെന്നും എന്തെങ്കിലും എഴുതിക്കഴിഞ്ഞാലുടന്‍ സ്വയം വിളിച്ചു കൂവുന്നുവെന്നും കവി എസ്.ജോസഫിന്‌റെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിന്‌റെ പ്രസക്ത ഭാഗങ്ങള്‍: ‘ഇന്നത്തെ പുതിയ എഴുത്തുകാരുടേത് പിടക്കോഴിയുടെ വിധിയാണ്. മുട്ടയിട്ടുകഴിഞ്ഞാല്‍ അക്കാര്യം വിളിച്ചു കൂവുകയാണ് പിട. അതു മാതിരിയാണ് FB യില്‍ നമ്മളെല്ലാം. നമ്മുടെ ഒരു കവിത മാസികയില്‍ വന്നാല്‍ എന്റെ കവിത വന്നേ എന്ന് നമ്മള്‍ തന്നെ വിളിച്ചു പറയുന്നു. ഇംഗ്ലീഷില്‍ എങ്ങാനും വിവര്‍ത്തനം ചെയ്തുവന്നാല്‍ ഒച്ചകൂടും.

നമ്മള്‍ എവിടെയെങ്കിലും പോയാല്‍ ആ വിവരം തെളിവുസഹിതം വിളിച്ചു പറയുന്നു. പുസ്തകങ്ങളുടെ പ്രളയമാണിപ്പോള്‍ . ഇക്കണ്ട പുസ്തകങ്ങള്‍ വാങ്ങാന്‍ പണമെവിടെ ? ഇതെല്ലാം ഒരലമാരയില്‍ വച്ചാല്‍ എത്ര നേരം നോക്കിയാലാണ് കിട്ടുക ? പലപ്പോഴും കിട്ടാതെ പിന്തിരിയേണ്ടി വന്നിട്ടുണ്ട് ? ആരാണ് ഇന്നത്തെ പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നവര്‍ ? അത്ര ഉദാരമതികള്‍ ആരാണ് ? അത്ര പണമുള്ളവര്‍ ആരാണ് ? വാങ്ങിയാല്‍ത്തന്നെ അതൊക്കെ വായിക്കാന്‍ സമയമുണ്ടോ ? T V കാണല്‍ , ഫോണ്‍ വിളി , സിനിമാ കാണല്‍ , ശൃംഗാരം , അശന ശയനങ്ങള്‍ എല്ലാം കഴിഞ്ഞ് വായിക്കാന്‍ നേരം കിട്ടുന്നുണ്ടോ ? ഞാന്‍ വായിക്കാത്ത എത്രയോ ഇംഗ്ലീഷ് പുസ്തകങ്ങള്‍ എന്റെ അലമാരയില്‍ ഇരിക്കുന്നു. ലോകോത്തരമായവ. അര്‍ത്ഥം അറിയാത്ത വാക്കുകളാണ് അവയില്‍ പലതും. ആദ്യത്തെ പത്തുപേജ് കടക്കാന്‍ പറ്റാത്തതിനാല്‍ ഞാന്‍ വായിച്ചു തീര്‍ക്കാത്ത കുറെ മലയാള പുസ്തകങ്ങളും ഉണ്ട്.( എന്റെ കുറവും ഉണ്ടാകാം ) വാക്കുകളുടെയെല്ലാം അര്‍ത്ഥമറിയാം. എന്നിട്ടും മനസിലാകുന്നില്ല. ഒരു സ്‌കോപ്പുമില്ലാത്ത കവിതപ്പുസ്തകങ്ങള്‍ നിരവധിയുണ്ട്…’. ഇങ്ങനെ പോകുന്നു എസ് ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക