India

മധ്യപ്രദേശിലെ എട്ടാമത്തെ കടുവാ സങ്കേതമായി മാറി മാധവ് നാഷണൽ പാർക്ക് : പ്രദേശത്ത് ഇക്കോ ടൂറിസത്തിന് പ്രാധാന്യം ലഭിക്കുമെന്ന് വനം വകുപ്പ്

മധ്യപ്രദേശ് സർക്കാരിൻ്റെ ഈ സംരക്ഷണ സംരംഭം മാധവ് നാഷണൽ പാർക്കിലെയും കുനോ നാഷണൽ പാർക്കിലെയും വന്യജീവി പരിപാലനത്തെ ശക്തിപ്പെടുത്തും

Published by

ഭോപ്പാൽ : മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ മാധവ് ദേശീയോദ്യാനത്തെ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശത്തിന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) സാങ്കേതിക സമിതി അംഗീകാരം നൽകി. മധ്യപ്രദേശിലെ എട്ടാമത്തെ കടുവാ സങ്കേതമായിരിക്കും ഇതെന്ന് അധികൃതർ ഞായറാഴ്ച അറിയിച്ചു.

കൻഹ, സത്പുര, ബാന്ധവ്ഗഡ്, പെഞ്ച്, സഞ്ജയ് ദുബ്രി, പന്ന, വീരാംഗന ദുർഗ്ഗാവതി എന്നിവയാണ് സംസ്ഥാനത്ത് നിലവിലുള്ള കടുവാ സങ്കേതങ്ങൾ. മാധവ് നാഷണൽ പാർക്കിനെ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം എൻടിസിഎ സാങ്കേതിക സമിതി അംഗീകരിച്ചു. 375 ചതുരശ്ര കിലോമീറ്റർ കോർ ഏരിയയും 1,276 ചതുരശ്ര കിലോമീറ്റർ ബഫർ ഏരിയയും ഉൾപ്പെടുന്ന ഇതിന്റെ ആകെ വിസ്തീർണ്ണം 1,751 ചതുരശ്ര കിലോമീറ്ററായിരിക്കും. ഒരു ആൺ കടുവയെയും പെൺ കടുവയെയും പാർക്കിലേക്ക് വിടാനും സമിതി അംഗീകാരം നൽകിയെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വൈൽഡ് ലൈഫ് എൽ കൃഷ്ണമൂർത്തി പറഞ്ഞു.

മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദേശത്തെ തുടർന്നാണ് നിർദേശം തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് സർക്കാരിന്റെ ഈ സംരക്ഷണ സംരംഭം മാധവ് നാഷണൽ പാർക്കിലെയും കുനോ നാഷണൽ പാർക്കിലെയും വന്യജീവി പരിപാലനത്തെ ശക്തിപ്പെടുത്തും. കൂടാതെ ഇത് പ്രാദേശിക കമ്മ്യൂണിറ്റികൾക്ക് ഇക്കോടൂറിസം നേട്ടങ്ങളും പ്രദേശത്തിന്റെ വികസനവും കൊണ്ടുവരുമെന്നും കൃഷ്ണമൂർത്തി പറഞ്ഞു.

രാജ്യത്തെ ചീറ്റപ്പുലികളുടെ ഏക താവളമാണ് കുനോ നാഷണൽ പാർക്ക്. ഷിയോപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇത് മാധവ് നാഷണൽ പാർക്കിന് സമീപമാണ്. എൻടിസിഎയും വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പുറത്തിറക്കിയ ‘സ്റ്റാറ്റസ് ഓഫ് ടൈഗർ: കോ-പ്രെഡേറ്റേഴ്‌സ് ആൻഡ് പ്രെ ഇൻ ഇന്ത്യ-2022’ റിപ്പോർട്ട് അനുസരിച്ച്, മധ്യപ്രദേശിലെ കടുവകളുടെ എണ്ണം 785 ആണെന്ന് കണക്കാക്കപ്പെടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by