Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ തീരുമാനം; നിരക്ക് വർദ്ധന അനിവാര്യമെന്ന് മന്ത്രി, പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തും

Published by

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. നിരക്ക് വര്‍ധിപ്പിക്കുന്ന് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാല്‍ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണ് – മന്ത്രി പറഞ്ഞു.

നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് കെഎസ്ഇബിക്ക് നല്‍കിയാല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരുമായും ഉപഭോക്താക്കളുമായും ചര്‍ച്ചചെയ്ത് നയപരമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഉത്പാദനം വർധിപ്പിക്കാൻ കേരളത്തിൽ സാധ്യതകൾ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഹൈഡ്രൽ പ്രോജക്റ്റുകൾ പൂർത്തിയാവത്തത് തിരിച്ചടിയാണെന്നും‌ ഹൈഡ്രൽ പ്രോജക്റ്റുകൾ പ്രതിഷേധങ്ങൾ കൊണ്ട് നിലച്ചുവെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by