Palakkad

സൈബര്‍ തട്ടിപ്പ്: പരാതിക്കാരന് 1.10 കോടി രൂപ തിരികെ ലഭിച്ചു

Published by

ഒറ്റപ്പാലം: ഒറ്റപ്പാലം സ്വദേശിയില്‍ നിന്നും ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട ഒരുകോടി 30 ലക്ഷം രൂപയും ഒരുകോടി പത്തുലക്ഷം രൂപ പാലക്കാട് സൈബര്‍ ക്രൈം പോലീസ് വീണ്ടെടുത്തു. തട്ടിയെടുത്ത പണം 19 ദിവസത്തിനകമാണ് പരാതിക്കാരന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മുംബൈയില്‍ ഒരു സിം കണക്ഷന്‍ എടുത്ത് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുംബൈ സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ ഇയാള്‍ സിബിഐ അന്വേഷണ പരിധിയിലാണെന്നും പറഞ്ഞു.

മാത്രമല്ല, വിര്‍ച്വല്‍ അറസ്റ്റിലാണെന്നും അറിയിച്ചു. അതിനാല്‍ നിരപരാധിത്വം തെളിയിക്കാന്‍ അക്കൗണ്ട് ബാലന്‍സ് വെളിപ്പെടുത്തണമെന്നായിരുന്നു ഭീഷണി. ബാലന്‍് വെളിപ്പെടുത്തിയപ്പോള്‍ അത് വെരിഫൈ ചെയ്യുന്നതിന് ‘ഗവ. സീക്രറ്റ് സര്‍വീസ് ഫണ്ടി’ ലേക്ക് മാറ്റാന്‍ പറഞ്ഞു.

അതനുസരിച്ച് മഹാരാഷ്‌ട്ര റായ്ഗഡിലുള്ള ബാങ്ക് അക്കൗണ്ട് നല്‍കി അതിലേക്ക് 1,30,00,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചു. പിന്നീട് പ്രതികള്‍ പരാതിക്കാരനെ ബന്ധപ്പെട്ട വാട്‌സ്ആപ്പ് നമ്പറുകള്‍ സ്വിച്ച് ഓഫ് ആയതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്. ഉടന്‍തന്നെ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി നല്‍കുകയും പാലക്കാട് സൈബര്‍ ക്രൈം പോലീസ് ഉടന്‍തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു.

പ്രതികള്‍ തട്ടിയെടുത്ത തുക മുംബൈ റായ്ഗഡ് ബാങ്കിലെ കറന്റ് അക്കൗണ്ടിലേക്ക് പോയിട്ടുണ്ടെന്നും അത് രണ്ട് കറണ്ട് അക്കൗണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റുകളിലേക്ക് മാറ്റിയതായും കണ്ടെത്തി. ഈ രണ്ട് കറണ്ട് അക്കൗണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുന്നതിന് ബാങ്ക് അധികൃതര്‍ക്ക് നോട്ടീസ് നല്‍കി. രണ്ട് അക്കൗണ്ടിലെയും പണം ഡിജിറ്റല്‍ സീഷ്വര്‍ ചെയ്ത് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്റ്റ്‌റേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച് പണം പരാതിക്കാരന് ലഭ്യമാക്കുന്നതിനുള്ള ഉത്തരവായി.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശപ്രക്രാരം ഡിവൈഎസ്പി ഡിസിആര്‍ബി: പ്രസാദിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.എസ്. സരിന്‍, സബ് ഇന്‍സ്‌പെക്ടര്‍: സി.എസ്. രമേഷ്, എസ്‌സിപിഒ: ഷിജു, സിപിഒ: ദീപക് കുമാര്‍, പി.സി. സുബൈര്‍, പി.സി. പ്രേംകുമാര്‍ എന്നിവര്‍ നടത്തിയ സമഗ്രമായ അന്വേഷത്തിലാണ് പരാതിക്കാരന് നഷ്ട്ടപ്പെട്ട തുക തിരികെ ലഭിച്ചത്. സൈബര്‍ തട്ടിപ്പുകളില്‍ പണം നഷ്ടപ്പെട്ടാല്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പരിലോ, cybercrime.gov.in എന്ന സൈറ്റിലോ ഉടന്‍തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക