Thrissur

ജലജീവന്‍ മിഷന്‍ കരാര്‍: ഇഷ്ടക്കാര്‍ക്ക് മാത്രം തുക പ്രതിഷേധവുമായി കരാറുകാര്‍

Published by

തൃശൂര്‍: സംസ്ഥാനത്ത് ജലജീവന്‍ മിഷന്റെ കരാറുകാര്‍ക്ക് ബില്‍ തുക നല്‍കുന്നതില്‍ വിവേചനമെന്ന് കരാറുകാരുടെ സംഘടന. 45,000 കോടിയുടെ പദ്ധതിയാണ് കേരളത്തില്‍ നടന്നുവരുന്നത്. ഇതില്‍ 4000 കോടി രൂപയോളം ഇപ്പോള്‍ കുടിശ്ശികയായിട്ടുണ്ട്. ഈ തുകയില്‍ 288.75 കോടി രൂപ ഉടന്‍ അനുവദിക്കാന്‍ തീരുമാനിച്ചുവെങ്കിലും സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാര്‍ക്ക് മാത്രം തുക നല്‍കുന്ന രീതിയാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

കേരള വാട്ടര്‍ അതോറിറ്റി ആണ് കേരളത്തില്‍ പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സി. ജലജീവന്‍ മിഷന്റെ എല്ലാ പ്രവര്‍ത്തികളും തുല്യപ്രാധാന്യം ഉള്ളതാണെന്നിരിക്കെ ആദ്യം പണിതീര്‍ത്തവര്‍ക്ക് ആദ്യം പണം നല്‍കുക എന്നതാണ് നീതി.

ഇത് മറികടന്ന് പ്രത്യേക താല്‍പര്യത്തോടെ ചിലര്‍ക്ക് മാത്രം പണം നല്‍കാനാണ് നീക്കം. സീനിയോറിറ്റി മറികടന്ന് കോണ്‍ട്രാക്ടര്‍മാര്‍ക്ക് ബില്‍ തുക നല്‍കരുത് എന്ന് ഹൈക്കോടതി വിധി നിലനില്‍ക്കവെയാണ് സര്‍ക്കാര്‍ ഈ വിവേചനം കാണിക്കുന്നത്.

നിലവില്‍ 4000 കൂടി കുടിശികയുള്ളപ്പോഴാണ് 258 കോടി അനുവദിക്കുന്നത്. ഒട്ടുമിക്ക കരാറുകാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജപ്തി നടപടികളിലുമാണ്.
മുന്‍ഗണനാക്രമം കൂടി അട്ടിമറിക്കപ്പെട്ടാല്‍ ഈ രംഗത്ത് തുടരാന്‍ കഴിയാത്ത നില വരും. കഴിഞ്ഞ 11 മാസമായി ഒരു രൂപ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ നീക്കം സംസ്ഥാനത്ത് ജലജീവന്‍ പദ്ധതി അട്ടിമറിക്കപ്പെടാനും ഇടയാക്കും.

മുന്‍ഗണനാക്രമം മറികടന്ന് പണം നല്‍കിയാല്‍ പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നിലക്കും. സര്‍ക്കാര്‍ തീരുമാനം പുനഃ പരിശോധിക്കണമെന്നും അസോസിയേഷന്‍ ചെയര്‍മാന്‍ പി.എന്‍. സുരേഷ്, സെക്രട്ടറി മിജോയ് മാമു എന്നിവര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts