കണ്ണൂര്‍: സൈനിക മേഖലകളിലെ വഖഫ് അവകാശവാദവും നുഴഞ്ഞ് കയറ്റവും ഗൗരവത്തോടുകൂടി കാണണമെന്ന് ലഫ്. കേണല്‍ വി.കെ. ചതുര്‍വേദി. കണ്ണൂരിലുള്‍പ്പടെ സമാനമായ സാഹചര്യമുണ്ട്. ഇതിനെ ലളിതവല്‍ക്കരിച്ച് കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ അഖിലഭാരതീയ പൂര്‍വ സൈനിക സേവാപരിഷത്ത് 25-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതവിഭജനത്തിന്റെ പരിണിതഫലമാണ് ഇന്ന് ബംഗ്ലാദേശില്‍ നാം കാണുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ നമ്മുടെ സഹോദരന്‍മാര്‍ വേട്ടയാടപ്പെടുകയാണ്. ഇതിനെതിരെ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ പ്രതിഷേധമുയരണം. അതിര്‍ത്തികടന്നുള്ള കുടിയേറ്റം ഭാരതം നേരിടുന്ന വലിയവെല്ലുവിളിയാണ്. ഇത്തരത്തില്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് നിയന്ത്രണങ്ങളില്ലാതെ കുടിയേറുന്നത് നമ്മുടെ ആഭ്യന്തര സുരക്ഷിതത്വത്തെ ബാധിക്കും. ഇത്തരക്കാരെ സഹായിക്കുന്ന പ്രവണത പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ച സൈനികര്‍ക്ക് നമ്മുടെ രാജ്യത്തോട് വലിയ ഉത്തരവാദിത്വങ്ങളുണ്ട്. പൂര്‍വസൈനിക സേവാപരിഷത്ത് പ്രവര്‍ത്തിക്കുന്നത് രാഷ്‌ട്രഹിതത്തിനനുഗുണമായ കാഴ്ചപ്പാടോടുകൂടിയാണ്. കേരളത്തിലെ 14 ജില്ലകളിലും സംഘടനയ്‌ക്ക് സജീവ പ്രവര്‍ത്തനമുണ്ടെന്നത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ പാംഗ്രൂവ് ഹെറിട്ടേജില്‍ (സിഎഫ്എന്‍ തോമസ് ചെറിയാന്‍ നഗര്‍) കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന യോഗം ഇന്നലെ സമാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുനൂറോളം പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്. വിവിധ സംസ്ഥാനങ്ങങില്‍ നിന്നുള്ള സംസ്ഥാന അധ്യക്ഷന്‍മാരും സെക്രട്ടറിമാരും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ വാര്‍ വെറ്ററന്‍ മേജര്‍ ഫ്രിന്‍സ് ജോസ് എസ്എം (റിട്ട), ശൗര്യചക്ര പി.വി. മനീഷ് തുടങ്ങിയവരെ ആദരിച്ചു. അടുത്ത സമ്മേളനം 2025ല്‍ രാജസ്ഥാനിലെ ജെയ്പൂരില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക