ന്യൂദല്‍ഹി: ഷെയ്ഖ് ഹസീന സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ ആരംഭിച്ച ഹിന്ദു വിരുദ്ധ കലാപത്തെപ്പറ്റി മൗനം പാലിക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടില്‍ പ്രതിഷേധം ശക്തമാക്കി ബിജെപി. പോലീസ് വെടിവെപ്പില്‍ അക്രമികള്‍ കൊല്ലപ്പെട്ട യുപിയിലെ സംഭലിലേക്ക് രാഷ്ട്രീയ വിനോദയാത്ര നടത്തുന്ന പ്രതിപക്ഷ നേതാക്കള്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നതിനെപ്പറ്റി മിണ്ടുന്നേയില്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.
രാഹുലും പ്രിയങ്കാ വാദ്രയും അടക്കമുള്ള നേതാക്കള്‍ ഇസ്ലാം അനുകൂല നിലപാട് മാത്രമേ സ്വീകരിക്കൂവെന്നും അവര്‍ക്ക് വലുത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും ഗിരിരാജ് സിങ് കുറ്റപ്പെടുത്തി. മൂന്നുമാസത്തിലേറെയായി ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദുവിരുദ്ധ അക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെയോ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടേയോ പ്രതികരണം ഉണ്ടാവാത്തതില്‍ ബിജെപി നേതൃത്വം കുറ്റപ്പെടുത്തുന്നു. ഹിന്ദുക്കളുടെ നേര്‍ക്ക് എന്തു സംഭവിച്ചാലും വായ തുറക്കില്ല എന്നതാണ് പ്രതിപക്ഷ നിലപാട് എന്നും ബിജെപി നേതാക്കള്‍ പറയുന്നു. ബംഗാളില്‍ വലിയ പ്രതിഷേധം ഉണ്ടായതോടെയാണ് മമതാ ബാനര്‍ജി വിഷയത്തില്‍ പ്രതികരിച്ചത്.
കൊല്‍ക്കത്തയിലെ തെരുവുകളില്‍ അടക്കം ജനങ്ങള്‍ പ്രതിഷേധിച്ചതോടെ നിവൃത്തികെട്ടാണ് മമതയുടെ പ്രസ്താവന. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേര്‍ക്ക് അക്രമം നടക്കുന്നതു പോലെ തന്നെ ഭാരതത്തില്‍ മുസ്ലിങ്ങളെയും അക്രമിക്കുകയാണെന്നായിരുന്നു സിപിഎമ്മിന്റെ ഔദ്യോഗിക പ്രസ്താവന. സമാജ് വാദി പാര്‍ട്ടി, ആര്‍എല്‍ഡി, ആംആദ്മി പാര്‍ട്ടി, ഡിഎംകെ തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളൊന്നും തന്നെ ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊലയില്‍ പ്രതികരിച്ചിട്ടില്ല.
ഭാരതത്തെ കുറ്റപ്പെടുത്തി ബംഗ്ലാദേശ് സംഭവങ്ങളെ ന്യായീകരിക്കാനാണ് പിഡിപി നേതാവ് മെഹബൂബ മുഫ്തിയും ശ്രമിച്ചത്. അയല്‍രാജ്യത്ത് നടക്കുന്ന ഹിന്ദുവിരുദ്ധ കലാപത്തെപ്പറ്റി പാര്‍ലമെന്റിലും പ്രതിപക്ഷം മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: