India

ചെന്നൈ വിമാനത്താവളം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

Published by

ചെന്നൈ: ഫെയിന്‍ജല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച വൈകിട്ട് അടച്ചിട്ട വിമാനത്താവളം ഇന്നലെ പുലര്‍ച്ചെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. നിര്‍ത്തിവച്ചിരുന്ന വിമാന സര്‍വീസുകളും പുനഃസ്ഥാപിച്ചു.

റെയില്‍വേ ട്രാക്കുകളില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. ചില ദീര്‍ഘദൂര തീവണ്ടികള്‍ ചെന്നൈ സെന്‍ട്രലില്‍ എത്താതെ പെരമ്പൂരില്‍നിന്ന് വഴിതിരിച്ചുവിട്ടു.

മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഫെയിന്‍ജലിനെ തുടര്‍ന്ന് പുതുച്ചേരിയില്‍ പെയ്തത്. മുത്തിയാല്‍പ്പേട്ട് എടിഎമ്മില്‍നിന്ന് പണമെടുക്കാന്‍പോയ ഇതരസംസ്ഥാന തൊഴിലാളിയാണ് പൊട്ടിവീണ വൈദ്യുതകേബിളില്‍നിന്ന് വൈദ്യുതാഘാതമേറ്റ് പുതുച്ചേരിയില്‍ മരിച്ചത്. ചെന്നൈ വ്യാസര്‍പാടി, പാരിസ് കോര്‍ണര്‍, വേളാച്ചേരി എന്നിവിടങ്ങളിലാണ് മറ്റ് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. നഗരങ്ങളിലെ ഓടകളും നിറഞ്ഞൊഴുകാന്‍ തുടങ്ങി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരെ പ്രത്യേക ബോട്ടുകളിറക്കിയാണ് എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തിയത്. കാമശ്വരം, വരുന്ദമാവാടി, പുതുപ്പള്ളി, വെദ്രപ്പ്, വനമാദേവി, വല്ലപ്പള്ളം, കള്ളിമേട്, ഈരവയല്‍, ചെമ്പോടി തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്.

തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 471 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. ചെന്നൈയുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ ശക്തമാണ്. ഉപരിതല ജലസംഭരണികളില്‍ 53 ശതമാനത്തോളം വെള്ളം നിറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by