‘ഏഷാം ഭൂതാനാം പൃഥ്വിവീ രസഃ പൃഥ്വിവ്യാ ആ പോ രസഃ’ എന്നുതുടങ്ങുന്ന ഒരു വിശ്വദര്‍ശനമുണ്ട്. ഈ കാണുന്ന ഭൂതങ്ങള്‍ക്കെല്ലാം പൃഥ്വിയാണ് രസം. രസമെന്നാല്‍ ആത്മാവ് അഥവാ ജീവന്‍. അപ്പോള്‍ ഈ ഭൂമിതത്ത്വംകൊണ്ടാണ് മനുഷ്യന്‍ ജീവിച്ചിരിക്കുന്നത് എന്നു സിദ്ധിക്കുന്നു.
പൃഥ്വിയുടെ രസമെന്നാല്‍ ഭൂമിയുടെ ആത്മാവ്. ഭൂമിയുടെആത്മാവ് ജലമാകുന്നു. ഇതാണ് ജലത്തിന്റെ പ്രാധാന്യം.
പരിസ്ഥിതി ശാസ്ത്രം ജലത്തിന് പ്രാധാന്യം നല്‍കാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ആവേണ്ടി വന്നു എന്നതു നാം മറക്കരുത്. പരിസ്ഥിതി ശാസ്ത്രത്തിന് വേദത്തില്‍ ഓഗസ്തന്ത്ര എന്നാണുപേര്‍. ഓഗസ് എന്നാല്‍ പരിസരം. ഓഗസ്തന്ത്ര എന്നാല്‍ പരിസരസംബന്ധമായ പഠനം. ഇത് വേദത്തില്‍ വിശദമായി ചര്‍ച്ചചെയ്യാതെ സൂചിപ്പിച്ചുവിട്ടിരിക്കുകയാണ്. കാരണം വേദം ഒരു പരിസ്ഥിതി ശാസ്ത്രമല്ല. വേദം അങ്ങനെ സൂചിപ്പിക്കുന്നുവെങ്കില്‍, പരിസ്ഥിതിയെ ഋഷിമാര്‍ എത്ര സൂക്ഷ്മമായി സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ വീക്ഷിച്ചിരിക്കണം! ഈ പറഞ്ഞ മന്ത്രം ഛാന്ദോഗ്യ ഉപനിഷത്തില്‍ ഉള്ളതാണ്. ഭൂമിയുടെ അടിസ്ഥാനപരമായ നിലനില്‍പിന്റെ തത്ത്വം കാലം നിര്‍ണയിക്കാന്‍ വയ്യാത്ത ഒരു ഗതകാലത്തില്‍ മഹര്‍ഷിമാര്‍ ചിന്തിച്ച് നമുക്കു പാലിക്കുവാന്‍ വേണ്ടി വിട്ടുതന്നിരിക്കുന്നു. എന്നിട്ട് ഇന്നത് എതോ പുതിയ ശാസ്ത്രമാണെന്ന നിലയില്‍ പടിഞ്ഞാറുള്ളവര്‍ കൈകാര്യം ചെയ്തു നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു! ജലസമ്പത്ത് സംരക്ഷിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ ആളുകളുടെ പുതിയ ആഹ്വാനം, അതു പോലും വേണ്ടവിധം ചെയ്യുന്നില്ലെങ്കിലും!
‘പൃഥിവ്യാ ആ പോ രസഃ ആപാം ഓഷധയോ രസഃ’ ഈ ജലത്തിന് ഓഷധികളാണ് ആത്മാവ്. അപ്പോള്‍ ചെടികള്‍ നിലനിന്നാലേ ഭൂമിയില്‍ ജലം നില്‍ക്കു എന്നു വ്യക്തം. മഴ ജലം മണ്ണില്‍ നിലനില്‍ക്കണമെങ്കില്‍ ചെടികള്‍ നിലനില്‍ക്കണം.
‘ഓഷധീനാം പുരുഷോ സഃ പുരുഷസ്യ വാഗ് രസഃ. വാചഃ ഋഗ് രസഃ ഋചഃ. സാമ രസഃ സാമ്‌നഃ ഉദ്ഗീഥോ രസഃ’ എന്നുകൂടി തുടര്‍ന്നു പറയുന്നുണ്ട്. സമഗ്രമായ ഒരു പ്രപഞ്ച ദര്‍ശനം എത്ര ലളിതമായിട്ടാണ് മഹര്‍ഷീശ്വരന്മാര്‍ ആവിഷ്‌കരിച്ചു വെച്ചിരിക്കുന്നതെന്ന് ഇതിന്റെ അര്‍ത്ഥം മനസ്സിലാകുമ്പോള്‍ നാം അത്ഭുതപ്പെടും. എത്രവലിയ വ്യാഖ്യാനങ്ങള്‍ കൊടുത്താലും തീരാത്ത രീതിയില്‍ ആ മന്ത്രത്തില്‍നിന്ന് അര്‍ത്ഥങ്ങള്‍ക്കു പുറമെ അര്‍ത്ഥങ്ങള്‍, ഭാവങ്ങള്‍ക്കു പുറമെ ഭാവങ്ങള്‍, തത്ത്വങ്ങള്‍ക്കു പുറമേ തത്ത്വങ്ങള്‍ അനുരണനം ചെയ്ത് പ്രതിധ്വനിച്ചു പ്രതിധ്വനിച്ച് നമ്മുടെ കാലഘട്ടത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ആ അര്‍ത്ഥത്തില്‍ നാം അതിനെ സമീപിക്കണം. നാം ആ മന്ത്രത്തില്‍ ധ്യാനംചെയ്യണം. ഒരു മഹത്തായ പ്രപഞ്ച തത്ത്വം ഈ മന്ത്രത്തില്‍നിന്ന് നമുക്ക് വേണ്ടുവോളം കറന്നെടുക്കാം.
ഇതാണ് നമ്മുടെ പ്രാചീനമായ പ്രപഞ്ച ദര്‍ശനം. ഏറ്റവും അവസാനം ഇതു കൊണ്ടെത്തിക്കുന്നത് ‘സാമ്‌നഃ ഉദ്ഗീഥോ രസഃ’ ഇതിന്റയെല്ലാം രസമായിട്ട് ഓങ്കാരം നില്‍ക്കുന്നു എന്നാണ്. അതായത് ഇതിന്റെ എല്ലാം അന്ത്യബിന്ദുവായ ഓങ്കാരത്തില്‍ കൊണ്ടുവന്ന് അവസാനിപ്പിക്കുന്നു. വ്യാഖ്യാനിച്ചാല്‍ തീരാത്തവിധം അര്‍ത്ഥ ബാഹുല്യമുള്ള പ്രപഞ്ചദര്‍ശനം ആണിത്. അവനവന്റെ ബുദ്ധിക്കനുസരിച്ചു കൊണ്ടുവരുന്ന പാത്രം നിറയെ കറന്നെടുക്കാം. സാധാരണ ഇതു വ്യാഖ്യാനിക്കുമ്പോള്‍ അര്‍ത്ഥം പറഞ്ഞു പോകുകയാണു പതിവ്. അതു വെറുമൊരു അര്‍ത്ഥംപറച്ചില്‍ മാത്രമാണ്. ആരാണിത് വ്യാഖ്യാനിക്കേണ്ടത്?. ഇന്നത്തെ ശാസ്ത്രജ്ഞര്‍ തന്നെ ഇതു വ്യാഖ്യാനിക്കണം. സംന്യാസിമാര്‍ മാത്രം വ്യാഖ്യാനിച്ചാല്‍ പോരാ. അവരുടെ ഉന്നതതലങ്ങളിലെ വ്യാഖ്യാനം സാധാരണക്കാരനു കൈയെത്താത്ത തലങ്ങളില്‍ (ഉയരങ്ങളില്‍) ആകയാല്‍ പ്രഗത്ഭരായ ശാസ്ത്രജ്ഞരെ സംസ്‌കൃതം പഠിപ്പിച്ച് ഇതു വ്യാഖ്യാനിക്കാന്‍ കഴിവുള്ളവരാക്കി മാറ്റണം എങ്കിലേ ഈ അമൂല്യ തത്ത്വദര്‍ശനം സാധാരണക്കാരിലേക്ക് എത്തി പ്രയോജനപ്രദമാകു. അല്ലെങ്കില്‍ അത് കുപ്പയില്‍ കിടക്കുന്ന മാണിക്യം കണക്കേ ക്ഷതമില്ലാതെ കല്പാന്തങ്ങള്‍ കടന്നുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: