Editorial

സിപിഎമ്മിനുള്ളിലെ പൊട്ടിത്തെറി

Published by

കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍നിന്നു പുകച്ചുരുള്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളു കുറച്ചായി. പ്രത്യക്ഷത്തിലും അല്ലാതെയും നാട്ടുകാര്‍ കണ്ടറിഞ്ഞിട്ടും കാര്യങ്ങള്‍ മൂടിവയ്‌ക്കാനാണ് പാര്‍ട്ടി ശ്രമിച്ചു പോന്നത്. പക്ഷെ, മറയ്‌ക്കാനാവാത്തവിധം കാര്യങ്ങള്‍ പുറത്ത് വന്നുകഴിഞ്ഞു. പുകമാറി തീയായി. പോരാട്ടം തെരുവിലേക്കിറങ്ങി. ഇനി പൊട്ടിത്തെറിക്കുന്നത് എന്നാണ് എന്നേ അറിയാനുള്ളു. ഒരു നേതാവ് പാര്‍ട്ടിവിട്ട് ബിജെപിയിലെത്തി. ഇനി എത്രപേര്‍ പുറത്ത് ചാടുമെന്ന് വഴിയേ അറിയാം. കത്തുന്ന പുരയില്‍ അധികനാള്‍ പിടിച്ചുനില്‍ക്കാനാവില്ലല്ലോ. ആലപ്പുഴയിലും കരുനാഗപ്പള്ളിയിലും അരങ്ങേറിയ തുറന്ന പോര് തിരുവല്ലയിലും തിരുവനന്തപുരത്തും ആവര്‍ത്തിച്ചുകഴിഞ്ഞു. പാര്‍ട്ടിയുടെ സമ്മേളനകാലമാണിത്. ബ്രാഞ്ചു സമ്മേളനങ്ങള്‍ കഴിഞ്ഞ് ഏരിയ സമ്മേളനങ്ങളിലേയ്‌ക്ക് കടന്നിരിക്കുന്നു. ഇനിയും മേലോട്ട് നീങ്ങുന്നതോടെ പോരിന്റെ വാശിയും കൂടിക്കൂടി വന്നേക്കും.

പാര്‍ട്ടിയില്‍ പുകഞ്ഞുകൊണ്ടിരുന്നതായി പുറത്ത് കേട്ടിരുന്ന കാര്യങ്ങള്‍ തന്നെയാണ് തെരുവിലെ പോരിനിടെ പാര്‍ട്ടിക്കാര്‍ വിളിച്ചുപറഞ്ഞത്. അഴിമതിയും ലൈംഗിക ആരോപണങ്ങളും പക പോക്കലുകളും ഏകാധിപത്യവും സര്‍വോപരി ജിഹാദികളുടെ വിളയാട്ടവും. കേട്ടാല്‍ അറപ്പുളവാക്കുന്ന കാര്യങ്ങളാണ് വനിതാ നേതാക്കളടക്കം ഉറക്കെ പറഞ്ഞത്. ഇരുമ്പ് മറയ്‌ക്കുള്ളില്‍ ഭദ്രമായി ഒളിപ്പിച്ചു എന്ന് പാര്‍ട്ടിക്കാര്‍ കരുതിയതൊക്കെ അങ്ങാടിപ്പാട്ടായി. എല്ലാം പ്രതീക്ഷിച്ചതുപോലെ തന്നെ. വിവരമുള്ളവര്‍ മുന്നേ പറഞ്ഞതൊക്കെ കൃത്യമായി സംഭവിച്ചു. ഇസ്ലാമിക ഭീകരന്മാര്‍ പിടിമുറുക്കി. മാര്‍ക്‌സിസം, ജിഹാദിസത്തിന് കീഴടങ്ങി. പാര്‍ട്ടി കെണിയില്‍പ്പെട്ടു പിടയുന്ന അവസ്ഥ. ദേശീയ ബോധവും സ്വത്വ ബോധവും തെല്ലെങ്കിലും ഉള്ളില്‍ അവശേഷിച്ചവര്‍ക്ക് അതിലിനി പിടിച്ച് നില്‍ക്കാനാവില്ല. ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്ന് ഉറപ്പ്. ഒരു കാലത്ത് ദേശീയ തലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന കക്ഷിക്കുമേല്‍ അസ്തമയത്തിന്റെ പോക്കുവെയില്‍ വീണുകഴിഞ്ഞു. ബംഗാളിന്റെയും ത്രിപുരയുടെയും വഴിയേ കേരളവും.

മുന്‍കാലത്ത് നേതാക്കള്‍ പുറത്തായാലും അണികള്‍ പിടിച്ചു നില്‍ക്കുമായിരുന്നു. കണ്ടോ കെട്ടുറപ്പ് എന്ന് നേതാക്കള്‍ വീമ്പ് പറഞ്ഞു. ഇന്നിപ്പോള്‍ അണികളാണ് ആദ്യം പുറത്ത് ചാടുന്നത്. ശാസനകള്‍ക്ക് വിലയില്ലാതായിരിക്കുന്നു.

പാര്‍ട്ടിവിട്ടു ബിജെപിയിലെത്തിയ ആലപ്പുഴയിലേ ബിബിന്‍ ബാബു പറഞ്ഞതാണ് കാര്യം. നരേന്ദ്രമോദിയുടെ ഭരണ നേട്ടങ്ങള്‍ സഖാക്കള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഓട്ടപ്പാത്രംകൊണ്ട് മൂടിവയ്‌ക്കാന്‍ ശ്രമിച്ചതൊക്കെ അണികള്‍ കണ്ടെത്തി. വികസനക്കുതിപ്പും സാമ്പത്തിക വളര്‍ച്ചയും രാജ്യത്തിനു കിട്ടുന്ന ആഗോള അംഗീകാരവും ഉണര്‍ന്നെണീറ്റ ദേശീയബോധവും രാജ്യസ്‌നേഹമുള്ളവര്‍ തിരിച്ചറിഞ്ഞു. സ്റ്റഡി ക്ലാസുകള്‍ക്ക് അപ്പുറത്തേക്ക് അണികളുടെ ചിന്ത വളര്‍ന്നു.

അല്ലെങ്കിലും എല്ലാക്കാലത്തും എല്ലാവരേയും പറ്റിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. തെറ്റിദ്ധരിപ്പിക്കുന്നതിലും മറ്റുള്ളവരുടെ നേട്ടങ്ങള്‍ തങ്ങളുടേതാക്കുന്നതിലും കാണിച്ച മിടുക്കിന്റെ മറ അഴിഞ്ഞു വീണിരിക്കുന്നു. കാലത്തിന്റെ അനിവാര്യമായ പ്രഹരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക