നാഗ്പൂര്‍: ഭാരതത്തിന് വേണ്ടത് ശാസ്ത്രീയമായ ജനസംഖ്യാനയമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറയുന്നത് സമൂഹത്തില്‍ ഗുരുതരമായ ആഘാതങ്ങള്‍ സൃഷ്ടിക്കും. ഭാരതീയ കുടുംബങ്ങളില്‍ കുറഞ്ഞത് മൂന്ന് കുഞ്ഞുങ്ങളെങ്കിലും ഉണ്ടായിരിക്കണം, അദ്ദേഹം ആഹ്വാനം ചെയ്തു. നാഗ്പൂരില്‍ കാതലെ കുലവുമായി ബന്ധപ്പെട്ട കുടുംബങ്ങളുടെ ഒത്തുചേരലായ കഠാലെ കുല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
വളര്‍ച്ചാ നിരക്ക് 2.1 ല്‍ താഴേക്ക് പോകരുതെന്ന് 1998ലോ 2002ലോ നമ്മുടെ ജനസംഖ്യാനയം പ്രഖ്യാപിച്ചതാണ്. വളര്‍ച്ച കുറയുന്നത് സമൂഹത്തിന് ഹാനികരമാണെന്ന് ജനസംഖ്യാ ശാസ്ത്രം പോലും പറയുന്നു. 2.1 ന് താഴേക്ക് വളര്‍ച്ചാനിരക്ക് താഴുന്ന ഒരു സമൂഹം പ്രത്യേകിച്ച് ഒരു പ്രതിസന്ധിയും നേരിടാതെ തന്നെ തകരും, അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ വളര്‍ച്ചാനിരക്ക് അപകടകരമായ നിലയിലെത്തിയ 55 രാജ്യങ്ങള്‍ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് വര്‍ധിപ്പിക്കുന്നതിന് കൃത്യമായ നയങ്ങള്‍ക്ക് രൂപം നല്കിയിട്ടുണ്ട്. 1.9നും രണ്ടിനും ഇടയില്‍ റീപ്ലേസ്മെന്റ് നിരക്കുള്ള രാജ്യങ്ങളില്‍ ഭാരതവും ഉള്‍പ്പെട്ടിരിക്കുന്നു. ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയമാണിത്. കുറഞ്ഞത് 2.1 എങ്കിലും വളര്‍ച്ചാനിരക്ക് നിലനിര്‍ത്തേണ്ടതുണ്ട്, മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
കുടുംബമാണ് നമ്മുടെ സംസ്‌കൃതിയെ മുന്നോട്ടുനയിക്കുന്ന സ്വാഭാവിക മാര്‍ഗം. കുടുംബമൂല്യങ്ങളാണ് നമ്മുടെ സമൂഹനിര്‍മിതിയുടെ ആധാരം. ആഗോള വെല്ലുവിളികളെ നേരിടാനും പരിഹാരങ്ങള്‍ നല്‍കാനും ലോകത്തിന് മുന്നില്‍ മാതൃക അവതരിപ്പിക്കേണ്ടത് ഭാരതത്തിന്റെ ധര്‍മ്മമാണ്. ഭാരതം നിലനില്‍ക്കണമെങ്കില്‍ കുടുംബവും മൂല്യങ്ങളും നിലനില്‍ക്കണം. ആര്‍എസ്എസ് ഏറ്റെടുത്തിരിക്കുന്ന പഞ്ചപരിവര്‍ത്തന ആശയങ്ങളിലൊന്നാണ് കുടുംബമൂല്യങ്ങളുടെ സംരക്ഷണം ഉയര്‍ത്തിക്കാട്ടുന്ന കുടുംബ പ്രബോധന്‍ എന്ന് അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക മൂല്യങ്ങളും സാമൂഹിക സ്ഥിരതയും സംരക്ഷിക്കുന്നതില്‍ കുടുംബത്തിന് ഏറെ പ്രാധാന്യമുണ്ട്. തലമുറയില്‍ നിന്ന് തലമുറയിലേക്ക് സംസ്‌കാരവും മൂല്യങ്ങളും കൈമാറുന്നത് കുടുംബങ്ങള്‍ വഴിയാണ്. ഭാരതീയ സംസ്‌കൃതി പരസ്പര ബന്ധത്തില്‍ വിശ്വസിക്കുന്നു. വിശക്കുന്നവരെ സഹായിക്കാന്‍ നമ്മള്‍ മുന്നിട്ടിറങ്ങും. വീട്ടുപടിക്കല്‍ ധര്‍മ്മം ചോദിച്ചെത്തുന്ന ഭിക്ഷുവിന് കുഞ്ഞുങ്ങളെക്കൊണ്ട് പണമോ ഭക്ഷണമോ നല്‍കിക്കുന്നത് തലമുറകളിലേക്ക് ഈ സംസ്‌കൃതിയെ പകര്‍ത്തുന്നതിനുള്ള പ്രായോഗിക പരിശീലനമാണ്. ഇതിലൂടെ അനുകമ്പയുടെയും ത്യാഗത്തിന്റെയും മൂല്യങ്ങള്‍ അവരില്‍ വളര്‍ത്തുകയാണ് ചെയ്യുന്നത്.
ജാതീയമായതോ അല്ലാത്തതോ ആയ എല്ലാത്തരം വേറിടലുകള്‍ക്കും അതീതമായി ഉയരാന്‍ നമ്മള്‍ തയാറാകണം. കുടുംബത്തില്‍ നിന്ന് തന്നെ ഇത്തരം ചിന്തകളെ ഇല്ലാതാക്കി മുന്നേറണം. സ്വാര്‍ത്ഥമല്ല, ത്യാഗമാണ് ആദര്‍ശം എന്നത് ജീവിതത്തില്‍ മുറുകെ പിടിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: