ചെന്നൈ: നരേന്ദ്രമോദിയുടെ ഇന്ത്യ ആഗോളതലത്തില്‍ എങ്ങിനെ ബഹുമാനിക്കപ്പെടുന്നു എന്ന് ബ്രിട്ടനില്‍ എത്തിയപ്പോള്‍ മനസ്സിലായെന്ന് കെ. അണ്ണാമലൈ. മൂന്ന് മാസം ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം തമിഴ്നാട്ടില്‍ തിരിച്ചെത്തിയ അണ്ണാമലൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
“നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച പല പരിപാടികളും മറ്റ് വിദേശരാജ്യങ്ങള്‍ പലതും അനുകരിക്കുകയാണ്. മോദിയുടെ പല നവീനമായ പദ്ധതികളും അനുകരിക്കാന്‍ സാധിക്കുന്നതുമാണ്. “- അണ്ണാമലൈ പറഞ്ഞു. യുകെയിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ഷെവനിങ്ങ് ഗുരുകുല്‍ ഫെലോഷിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നേതൃത്വം (ലീഡര്ഷിപ്) എന്ന വിഷയത്തില്‍ മൂന്ന് മാസത്തെ പഠനത്തിനായി അണ്ണാമലൈ പോയത്. ഈ കോഴ്സ് പഠിക്കുമ്പോള്‍ തന്നെ, ഭാരതം എങ്ങിനെയാണ് ആഗോളതലത്തില്‍ ഒരു ശക്തിയായി ഉദിച്ചുയരുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും അണ്ണാമലൈ പറഞ്ഞു.
നടന് വിജയുടെ വരവ്- ദ്രാവിഡ ശക്തികള്‍ മൂന്നായി പിളരും
“വിജയ് ഒരു സുപ്രസിദ്ധ നടനാണ്. സിനിമയില്‍ അദ്ദേഹം ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തിക്കഴിഞ്ഞു. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല. അടുത്ത ഒരു വര്‍ഷത്തേക്ക് വിജയ് എത്രത്തോളം ആക്ടീവ് ആണെന്ന് കണ്ടറിയണം. അതിന് ശേഷം അദ്ദേഹത്തെ വിമര്‍ശിക്കണോ, ശ്ലാഘിക്കണോ എന്നീ കാര്യങ്ങള്‍ തീരുമാനിക്കും”. – നടന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അണ്ണാമലൈ പറഞ്ഞു.
എന്തായാലും തമിഴ്നാട്ടില്‍ രാഷ്ട്രീയം മാറുകയാണ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ പാര്‍ട്ടി മാത്രം മേല്‍ക്കൈ നേടുന്ന സ്ഥിതിയുണ്ടാകില്ല. കാരണം നടന് വിജയും ദ്രാവിഡ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന ആളാണ്. അപ്പോള്‍ തീര്‍ച്ചയായും ദ്രാവിഡ ശക്തികള്‍ മൂന്നായി പിളരും. ഡിഎംകെ, എഐഎഡിഎംകെ, നടന് വിജയുടെ പാര്‍ട്ടി എന്നിങ്ങനെ. – അണ്ണാമലൈ പറഞ്ഞു.
ഡിഎംകെയിലും ആം ആദ്മിയിലും ക്രിമിനലുകളെ കൊണ്ടാടുന്ന സംസ്കാരം
ക്രിമിനലുകളെ കൊണ്ടാടുന്ന സംസ്കാരമാണ് ഡിഎംകെയിലും ആം ആദ്മി പാര്‍ട്ടിയിലും കാണുന്നത്. കുറ്റവാളികളായി ജയിലില്‍ പോകുന്ന ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് പിന്നീട് ജാമ്യം കിട്ടിയാല്‍ വന്‍ സ്വീകരണമാണ് നടക്കുന്നത്. ഈയിടെ ജാമ്യം കിട്ടിയ അരവിന്ദ് കെജ്രിവാളിന് ലഭിച്ച സ്വീകരണം ഇതിന് ഉദാഹരണമാണ്. വാസ്തവത്തില്‍ നിരപരാധികള്‍ ആയതുകൊണ്ടല്ല ഇവര്‍ക്ക് കോടതി ജാമ്യം നല്‍കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിനാലാണ്. ഇതേ രീതി തന്നെയാണ് ഡിഎംകെയും പിന്തുടരുന്നത്. വലിയ കുറ്റങ്ങള്‍ ചെയ്തതിനാല്‍ ജയിലില്‍ പോയ മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് ഈയിടെ ജാമ്യം കിട്ടിയപ്പോഴും ഡിഎംകെ അത് കൊണ്ടാടുകയുണ്ടായി. – അണ്ണാമലൈ പറഞ്ഞു.
2026 ല്‍ ഡിഎംകെയുടെ മക്കള്‍ രാഷ്ട്രീയത്തിന് അവസാനമാകും.
തമിഴ്നാട് രാഷ്ട്രീയത്തിന് മെറിറ്റ് നഷ്ടമായി. ഉയനിധി സ്റ്റാലിന് രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ കരുണാനിധി കുടുംബത്തിലെ മൂന്നാം തലമുറ എത്തുന്നു എന്നായിരുന്നു കൊട്ടിഘോഷിച്ചത്. ആദ്യം ഉദയനിധി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പിന്നീട് എംഎല്‍എ ആയി. ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായി. ഇതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയത്തിന് മെറിറ്റ് നഷ്ടമായി. പുതിയ യുവാക്കള്‍ക്ക് രാഷ്ട്രീയത്തിലേക്ക് വരുന്നില്ല. ദ്രാവിഡപാര്ട്ടികളില് അതേ നേതാക്കള്‍ക്ക് ചുറ്റുമായി പാര്‍ട്ടി തിരിയുകയാണ്.ഉദയനിധി സ്റ്റാലിന് വന്നു. ടിആര്‍ബി രാജ വന്നേക്കാം. നേതാക്കളുടെ ആണ്മക്കളും പെണ്മക്കളും എല്ലാം രാഷ്ട്രീയത്തില്‍ വരികയാണ്. ഇതോടെ രാഷ്ട്രീയത്തിന് മെറിറ്റ് നഷ്ടമായി. ഇത് ഒരു ജനാധിപത്യ രീതിയില്ല. ജനാധിപത്യ രീതിയിലല്ലാത്ത എന്തും തൂത്തെറിയപ്പെടും. ഉദയനിധി സ്റ്റാലിന്റെ വരവ് വലിയൊരു ഉദാഹണമാണ്. ഡിഎംകെ പാര്‍ട്ടി മക്കള്‍ രാഷ്ട്രീയത്തിന്റെ പാര്‍ട്ടിയാണ്.2026 ല്‍ ഡിഎംകെയുടെ മക്കള്‍ രാഷ്ട്രീയത്തിന് അവസാനമാകും. – അണ്ണാമലൈ ഡിഎംകെയിലെ മക്കള്‍ രാഷ്ട്രീയത്തെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: