കൊച്ചി: ഭൂമിയുടെ തരം മാറ്റുമ്പോള്‍ ഫീസായി ഈടാക്കിയ 1510 കോടി രൂപ ഒരു വര്‍ഷത്തിനകം അഗ്രികള്‍ച്ചറല്‍ ഡവലപ്പ്‌മെന്‌റ് ഫണ്ടിലേക്ക് തിരിച്ചടയ്‌ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മേലില്‍ പിരിക്കുന്ന തുക നേരിട്ട് ഫണ്ടില്‍ തന്നെ വക കൊള്ളിക്കുകയും വേണം. അനധികൃതമായി നികത്തപ്പെട്ട കൃഷിഭൂമികള്‍ പഴയനിലയില്‍ ആക്കുന്നതിനും കൃഷിയുടെ മൊത്തത്തിലുള്ള പ്രോത്സാഹനത്തിനും പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്പ്‌മെന്‌റ് ഫണ്ട് രൂപീകരിച്ചത്. ഭൂമി തരം മാറ്റുന്ന ഇനത്തില്‍ പൊതുജനങ്ങളില്‍ നിന്ന് പിരിക്കുന്ന ഫീസ് ഈ ഫണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു വേണ്ടിയിരുന്നത് .എന്നാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം സര്‍ക്കാര്‍ ഈ പണം വകമാറ്റി ചെലവഴിക്കുകയായിരുന്നു. ഇതിനെതിരെ വേലുപ്പാടം സ്വദേശി മുകുന്ദന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഫണ്ട് സംബന്ധിച്ച് ഓഡിറ്റിംഗ് വേണമെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സര്‍ക്കാര്‍രിന്‌റെ നിലവിലുള്ള സാമ്പത്തിക സ്ഥിതി പരിഗണിച്ച് മൊത്തം തുകയുടെ 25% നാലു മാസത്തിനകവും ബാക്കി നാല് തവണകളായും തിരിച്ചടച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: