വാഷിങ്ടണ്‍: എഫ്.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജൻ കശ്യപ് പട്ടേലിനെ (കാഷ് പട്ടേൽ) നാമനിര്‍ദേശം ചെയ്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ തലപ്പത്തേക്ക് കശ്യപിനെ നിയമിക്കുന്ന കാര്യം ട്രംപ് തന്നെയാണ് പുറത്തുവിട്ടത്.
2017-ല്‍ ട്രംപ് നിയമിച്ച ക്രിസ്റ്റഫര്‍ വ്രേയുടെ പിന്‍ഗാമിയായാണ് പട്ടേല്‍ എഫ്.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുന്നത്. സമര്‍ഥനായ അഭിഭാഷകനും നിരീക്ഷകനും ‘അമേരിക്ക ഫസ്റ്റ്’ പോരാളിയുമാണ് പട്ടേല്‍ എന്ന് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറയുന്നു. അഴിമതി പുറത്തുകൊണ്ടുവരുന്നതിനും നീതിക്കുവേണ്ടി പ്രതിരോധം ഉറപ്പുവരുത്തുന്നതിനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനും ചെലവഴിച്ച തൊഴില്‍ജീവിതമായിരുന്നു പട്ടേലിന്റേതെന്നും ട്രംപ് കുറിപ്പില്‍ പറയുന്നുണ്ട്.
പട്ടേല്‍ മേധാവിയാകുന്നതോടെ അമേരിക്കയിലെ കുറ്റകൃത്യ മഹാമാരിയെ എഫ്.ബി.ഐ. ഇല്ലാതാക്കുമെന്നും കുടിയേറ്റ കുറ്റകൃത്യസംഘങ്ങളെ തകര്‍ക്കുമെന്നും അതിര്‍ത്തികടന്നുള്ള മനുഷ്യ-മയക്കുമരുന്ന് കടത്തല്‍ അവസാനിപ്പിക്കുമെന്നും ട്രംപ് കുറിപ്പില്‍ പറയുന്നു.
കാനഡവഴി അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി മാതാപിതാക്കളുടെ മകനായി, ന്യൂയോര്‍ക്കിലെ ക്യൂന്‍സിലാണ് കശ്യപ് പട്ടേലിന്റെ ജനനം. ബിരുദം നേടിയതിന് പിന്നാലെ അഭിഭാഷകവൃത്തിയിലേക്ക് കടന്നു. ഫ്‌ളോറിഡയിലെ സ്‌റ്റേറ്റ്, ഫെഡറല്‍ കോടതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജസ്റ്റിസ് വകുപ്പില്‍ പ്രോസിക്യൂട്ടര്‍ ആയിരിക്കെ കിഴക്കന്‍ ആഫ്രിക്കയിലെയും യു.എസിലെയും പ്രമാദമായ അന്താരാഷ്‌ട്ര ഭീകരവാദ കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
ട്രംപ് പ്രസിഡന്റായിരിക്കെ ആക്ടിങ് സെക്രട്ടറി ഓഫ് ഡിഫന്‍സിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ഇദ്ദേഹം. എഫ്.ബി.ഐയില്‍ പരിഷ്‌കരണം കൊണ്ടുവരണമെന്ന തന്റെ ആഗ്രഹം ഈ 44-കാരന്‍ മുന്‍പ് പ്രകടിപ്പിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: