ചെങ്ങന്നൂര്‍: ക്ഷേത്രങ്ങളിലെ ദൈവിക ചൈതന്യങ്ങള്‍ സംരക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇപ്പോള്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അനുഭവിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി. ചെങ്ങന്നൂര്‍ അയ്യപ്പ സേവാകേന്ദ്രത്തിന്റെ സമര്‍പ്പണസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ അയ്യപ്പചൈതന്യത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അയ്യപ്പചൈതന്യത്തെ സംരക്ഷിക്കേണ്ടത് ഹിന്ദുവിശ്വാസികളുടെ കടമയാണ്. എല്ലാ രീതിയിലും ക്രൂരതകള്‍ കാണിച്ച് തീര്‍ഥാടകരെ ശബരിമല ദര്‍ശനത്തില്‍നിന്നും അകറ്റാനാണ് ശ്രമിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫാഷന്‍ പരേഡ്.
അയ്യപ്പവിശ്വാസിയായ നിരവധി പ്രമുഖര്‍ നിര്‍മിച്ചു നല്കിയ കെട്ടിടങ്ങളെല്ലാം സന്നിധാനത്ത് പൊളിച്ചുകളഞ്ഞ സര്‍ക്കാരാണിത്. സന്നദ്ധസംഘടനകളും മഹാഭക്തരും സൗജന്യമായി ഗുണനിലവാരമുള്ള ഭക്ഷണം നല്കിയിരുന്നതും നിര്‍ത്തലാക്കി. ഹോട്ടലുകള്‍ ധാരാളമായി അനുവദിച്ച് സര്‍ക്കാര്‍ പണം ഉണ്ടാക്കുകയാണ്.
മറ്റൊരു ആരാധനാസമൂഹത്തോടും ഇത്തരത്തില്‍ ചെയ്യില്ല. വളരെ ചെറിയ റെയില്‍വെ സ്റ്റേഷനായ ചെങ്ങന്നൂരില്‍ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് ഇതരസംസ്ഥാന തീര്‍ത്ഥാടകര്‍, പതിറ്റാണ്ടുകളായി അുഭവിക്കുന്ന യാതനകള്‍ക്കും വിഷമതകള്‍ക്കും പരിഹാരമായാണ് സേവാകേന്ദ്രം തുറന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: