കൊല്‍ക്കത്ത: ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി തള്ളി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാലിവിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരായ കുറ്റപത്രത്തില്‍ ബംഗാള്‍ സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അലിപൂരിലെ സിബിഐ സ്‌പെഷല്‍ കോടതിയുടെ നടപടി.
സന്ദീപ് ഘോഷിനെ പ്രധാനപ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം തയാറാക്കിയത്. എന്നാല്‍ ബംഗാള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കുറ്റപത്രം സ്വീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സന്ദീപ് ഘോഷിനെ കൂടാതെ കേസില്‍ പങ്കാളികളായ ബിപ്ലബ് സിങ്, അഫ്‌സര്‍ അലി, സുമന്‍ ഹസ്ര, ആശിഷ് പാണ്ഡെ എന്നിവരെയും പ്രതിചേര്‍ത്ത് 100 പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്.
ആര്‍ജി കര്‍ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേട്, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള വ്യാജ ടെന്‍ഡറുകള്‍, മൂന്ന് വര്‍ഷമായി നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍, മറ്റ് ക്രമക്കേടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കേസ്. കമ്മിഷന്‍ ലഭിക്കുന്നതിനായി ആശുപത്രിയുമായി ബന്ധപ്പെട്ട ടെന്‍ഡറുകള്‍ സന്ദീപ് ഘോഷ് സുഹൃത്തുക്കള്‍ക്ക് നല്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ബംഗാള്‍ പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗത്തിന്റെ കൈയില്‍ നിന്ന് ആഗസ്ത് 23നാണ് സിബിഐ കേസ് ഏറ്റെടുത്തത്. സപ്തംബര്‍ രണ്ടിന് ഇയാള്‍ അറസ്റ്റിലായിരുന്നു. ആശുപത്രിയിലെ മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അലി അക്തറിന്റെ പരാതിയിലായിരുന്നു കോടതി നടപടി.
സന്ദീപ് ഘോഷ് ആശുപത്രിയില്‍ നിരവധി ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ അനധികൃതമായി വിറ്റിരുന്നു, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കടത്തിയിരുന്നുവെന്നും അലി അക്തര്‍ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക