ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കയ്‌ക്ക് ആദ്യ ടെസ്റ്റില്‍ തോല്‍വി. ആതിഥേയരായ ദക്ഷിണാഫ്രിക്ക 233 റണ്‍സിന്റെ ജയം സ്വന്തമാക്കി. ജയത്തെ തുടര്‍ന്ന് അവര്‍ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ സ്ഥാനക്കയറ്റം കിട്ടി.
ഒന്നാമതുള്ള ഭാരതത്തിന് തൊട്ടുപിന്നിലാണ് ദക്ഷിണാഫ്രിക്ക എത്തിനില്‍ക്കുന്നത്. ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 61.1 പോയിന്റ് ശതമാനത്തോടെയാണ് ഭാരതം ഒന്നാമത് തുടരുന്നത്. ശ്രീലങ്കയ്‌ക്കെതിരെ ജയിച്ചതിലൂടെ ദക്ഷിണാഫ്രിക്കയ്‌ക്ക് 59.26 പോയിന്റ് ശതമാനമായി. മൂന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയയ്‌ക്ക് 57.69 ശതമാനം പോയിന്റാണുള്ളത്.
ഡര്‍ബന്‍ ടെസ്റ്റിന്റെ നാലാം ദിവസമായ ഇന്നലെ ചെറുത്തുനില്‍പ്പ് ഉച്ചവരെ നീട്ടിയെടുക്കാന്‍ ശ്രീലങ്കയ്‌ക്ക് സാധിച്ചു. അഞ്ചിന് 103 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക ഇന്നലെ പുറത്തായത് 282 റണ്‍സിലാണ്. ദിനേശ് ചണ്ഡിമലിന്റെ (83) അര്‍ദ്ധസെഞ്ച്വറി പ്രകടനത്തിലൂടെയാണ് ലങ്കയ്‌ക്ക് മാന്യമായ തോല്‍വിക്ക് സാഹചര്യമൊരുങ്ങിയത്.
ആദ്യ ഇന്നിങ്സില്‍ വെറും 42 റണ്‍സില്‍ ശ്രീലങ്ക ഓള്‍ഔട്ടായിരുന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിലൂടെ ദക്ഷിണാഫ്രിക്ക സന്ദര്‍ശകര്‍ക്ക് മുന്നില്‍വച്ചത് 516 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക