ചെന്നൈ : ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു. പുതുച്ചേരിയിലാണ് കര തൊട്ടത്. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏഴ് തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് പേര് മരിച്ചു
ചെന്നൈയില്‍ നൂറിലേറെ വിമാനങ്ങള്‍ റദ്ദാക്കി. 19 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലര്‍ച്ചെ 4 മണിവരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
മയിലാടുംതുറൈ, നാഗപ്പട്ടണം, തിരുവാരൂര്‍ ജില്ലകളിലും കനത്ത മഴ പെയ്യുന്നുണ്ട്.. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ശനിയാഴ്ച അവധി നല്‍കിയിരുന്നു. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐടി കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
സംസ്ഥാനത്ത് 2220 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇതിനകം തന്നെ 500 ഓളം പേരെ പാര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: