ഒട്ടാവ : കാനഡയിലെ ഖാലിസ്ഥാൻ അനുകൂലികൾക്ക് തിരിച്ചടി . ക്ഷേത്രത്തിന്റെ 100 മീറ്ററിനുള്ളിൽ അനുമതിയില്ലാതെ പ്രവേശിക്കുന്നതിൽ നിന്ന് ഖാലിസ്ഥാനികളെ വിലക്കി കോടതി. അനധികൃതമായി പ്രവേശിക്കുന്നവരെ തടയണമെന്ന് ഒൻ്റാറിയോ കോടതി പോലീസിന് നിർദ്ദേശം നൽകി.
ലക്ഷ്മി നാരായണ ക്ഷേത്രത്തിന്റെ ഹർജി പരിഗണിക്കവെ, ക്ഷേത്രത്തിന് നേരെ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജഡ്ജി പറഞ്ഞു. വയോധികരും മറ്റ് പൗരന്മാരും ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന കോൺസുലർ ക്യാമ്പ് സന്ദർശിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ, ജീവനും സ്വത്തിനും നഷ്ടം സംഭവിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
അനാവശ്യ ഘടകങ്ങളെ പരിസരത്ത് നിന്ന് അകറ്റി നിർത്താൻ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന് ക്ഷേത്ര ഭരണസമിതി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷയുടെ അഭാവം ഗുരുതരമായ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രത്തിന്റെ ഈ ആവശ്യം കോടതി അംഗീകരിച്ചത്.
ക്ഷേത്രങ്ങളിൽ സംഘടിപ്പിക്കുന്ന കോൺസുലർ ക്യാമ്പുകൾ ഇന്ത്യൻ പൗരനന്മാരെ സംബന്ധിച്ച് ലഭിക്കുന്ന പ്രധാന സേവനമാണ്.പാസ്‌പോർട്ട്, വിസ, മറ്റ് ഡോക്യുമെൻ്റേഷനുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ എന്നിവ എല്ലാം ഈ ക്യാമ്പിൽ ലഭിക്കും. എന്നാൽ ഖാലിസ്ഥാൻ അനുകൂലികളുടെ എതിർപ്പിനെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ ഈ ക്യാമ്പുകൾ ആവർത്തിച്ച് റദ്ദാക്കേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: