കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 7920 ഗ്രാം ഹ്രൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഫവാസിനെയാണ് കൊച്ചി കസ്റ്റംസ് പിടികൂടിയത്. വിപണിയിൽ രണ്ടു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.
ബാങ്കോക്കിൽ നിന്ന് വന്ന എയർ ഏഷ്യ വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. 17 ബാഗുകളിലായി തുണികൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റംസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് ഫവാസിനെ പിടികൂടി ചോദ്യം ചെയ്തത്.
വിപണിയിൽ സാധാരണ കഞ്ചാവിനേക്കാൾ വൻ വിലയാണ് ഹൈബ്രിഡ് കഞ്ചാവിന്. അടുത്തയിടെ കൊച്ചിയിലും മലപ്പുറത്തുമായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രത്യേക അന്തരീക്ഷ ഊഷ്മാവ് നിലനിർത്തി നിശ്ചിത സമയപരിധിക്കുള്ളിൽ വിളവെടുക്കുന്നതാണ് മാരക ലഹരിയുള്ള ഹൈബ്രിഡ് കഞ്ചാവ്. തായ്‌ലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഉത്പാദനം. ‘തായ് ഗോൾഡ്’ എന്ന വിളിപ്പേരുള്ള ഇത്തരം കഞ്ചാവ് ഡാർക്ക് വെബിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് വ്യാപകമായി വിൽക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക