കൊല്ലം: കരുനാഗപ്പള്ളി സിപിഎമ്മിൽ നിലനിൽക്കുന്ന ചേരിപ്പോര് തെരുവു യുദ്ധത്തിലേക്ക് കടന്നതിനെ തുടർന്ന് ഏരിയ കമ്മറ്റി പിരിച്ചുവിട്ടു. ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള പത്ത് ലോക്കല്‍ കമ്മിറ്റികളില്‍ ഏഴ് ഇടത്തെ സമ്മേളനം ചേരിപ്പോരിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു. ഇതില്‍ നാല് സമ്മേളനങ്ങള്‍ വീണ്ടും നടത്തിയെങ്കിലും മൂന്നിടത്തും കയ്യാങ്കളിയിലാണ് കാലാശിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഏരിയ കമ്മറ്റി പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണതയെന്നും നിലവിലെ കമ്മറ്റിക്ക് പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ട്ടിയെ പ്രയാസപ്പെടുത്തിയ ഈ നിലപാട് പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ല. തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല. ഈ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നിലവിലുള്ള കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പൂര്‍ണമായും പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും ഒരു അഡ്‌ഹോക്ക് കമ്മറ്റി നിലവില്‍ വരുമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു. പ്രതിഷേധിച്ചവര്‍ക്കെതിരായ നടപടികളില്‍ പരിശോധിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം രാത്രിയില്‍ പൂട്ടിയിട്ട പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പതിക്കുകയും ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രകടനം നടത്തുകയും ചെയ്തു. വ്യാഴാഴ്ച നടന്ന കുലശേഖരപുരം നോര്‍ത്ത് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സംസ്ഥാന സമിതി അംഗങ്ങളായ സോമപ്രസാദ്, രാജഗോപാല്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാമണി, ജില്ലാ കമ്മിറ്റിയംഗം പി.ആര്‍. വസന്തന്‍, ഏരിയ കമ്മറ്റി സെക്രട്ടറി ജയപ്രകാശ് എന്നിവരെ സമ്മേളനഹാളില്‍ മണിക്കൂറുകളോളം പൂട്ടി ഇട്ടു.
നിലവിലെ സെക്രട്ടറിയുടെ കാലാവധി കഴിഞ്ഞതിനാല്‍ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് സമവായത്തിലൂടെ വേണമെന്ന നേതൃത്വത്തിന്റെ നിര്‍ദേശം ഭൂരിപക്ഷ അംഗങ്ങളും അംഗീകരിച്ചില്ല. തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടി. ഇതിനിടയില്‍ എച്ച്.എ. സലാമിനെ സെക്രട്ടറിയാക്കി പാനല്‍ അവതരിപ്പിച്ചു. സലാമിനെതിരെ സ്ത്രീ പീഡനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുകയാണെന്നും, സംസ്ഥാന നേതൃത്വത്തിനു വരെ തെളിവുസഹിതം പരാതി നല്‍കിയിട്ടും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എതിര്‍പക്ഷം പറയുന്നു.
ഇന്നലെ രാവിലെ കരുനാഗപ്പള്ളിയില്‍ സിപിഎം നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പതിച്ചു. ലോക്കല്‍ കമ്മിറ്റിയിലെ ബാര്‍ മുതലാളി അനിയന്‍ ബാവ, ചേട്ടന്‍ വാവ തുലയട്ടെ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. രാജഗോപല്‍, സോമപ്രസാദ്, ജില്ലാകമ്മിറ്റിയംഗങ്ങളായ പി.ആര്‍. വസന്തന്‍, പി.ആര്‍. ബാലചന്ദ്രന്‍ എന്നീ കുറവാ സംഘത്തെ സൂക്ഷിക്കുകയെന്നും പോസ്റ്റര്‍.
അച്ചടക്കവാള്‍ ഉയര്‍ത്തിയ നേതൃത്വത്തെ വെല്ലുവിളിച്ച് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് സേവ് സിപിഎം എന്ന പേരില്‍ നൂറോളം പേര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പാര്‍ട്ടി മെമ്പര്‍മാരും, ജനപ്രതിനിധികളും, വിവിധ ചുമതല വഹിക്കുന്നവരുള്‍പ്പെടെയാണ് പ്രകടനത്തില്‍ പങ്കെടുത്തത്. അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടി നടപടിക്ക് മുതിര്‍ന്നാല്‍ കൂടുതല്‍ ആള്‍ക്കാരെ സംഘടിപ്പിച്ച് പ്രതിഷേധിക്കുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: