India

ഫെങ്കല്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്‌ക്ക് ശേഷം കരതൊടും; തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത, 7 ജില്ലകളിൽ റെഡ് അലർട്ട്, 11 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

Published by

ചെന്നൈ: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിൽ രൂപം കൊണ്ട ഫെങ്കൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്‌ക്കു ശേഷം കര തൊടുമെന്ന മുന്നന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയ്‌ക്കു ശേഷം കാരൈയ്‌ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്കു സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

ഇന്ന് ചെന്നൈ ഉള്‍പ്പെടെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 11 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. 60 മുതല്‍ 90 കിലോമീറ്റര്‍ വരെയാകും കാറ്റിന്റെ വേഗത. നിലവില്‍ ചെന്നൈയില്‍ നിന്ന് 120 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ചുഴലിക്കാറ്റ് ഉള്ളത്.

ദുരിതാശ്വാസ നടപടികള്‍ അവലോകനം ചെയ്യുന്നതിനായി റവന്യൂ, ദുരന്തനിവാരണ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പട്ട്, കാഞ്ചീപുരം, വില്ലുപുരം, കള്ളാക്കുറിച്ചി, കടലൂര്‍ ജില്ലകള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പുമുണ്ട്.

കൂടാതെ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പേരാമ്പ്ര, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം ജില്ലകളിലും കാരയ്‌ക്കല്‍ മേഖലയിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും മയിലാടുതുറൈ, നാഗപ്പട്ടണം, തിരുവാരൂര്‍ എന്നിവിടങ്ങളിലും കനത്ത മഴപെയ്തു.

ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. ഇന്നും ചെന്നൈയിൽ നിന്നുള്ള പല വിമാനങ്ങളും വൈകുകയാണ്. ബീച്ചുകളിലും അമ്യൂസ്മെന്‍റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ഉച്ചയ്‌ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by